ജയിലിൽ പുരാണ നാടകം കളിച്ചു കൊണ്ടിരുന്ന രണ്ടു തടവു പുള്ളികൾ കഥാപാത്രങ്ങളായി തന്നെ ഓടിപ്പോയി. ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജയിലിലാണ് കളി കാര്യമായത്. രാംലീലയായിരുന്നു നാടകത്തിൻ്റെ ഇതിവൃത്തം. ഹനുമാൻ്റെ നേതൃത്വത്തിലുള്ള വാനരസേനയിലെ വാനരൻമാരായി വേഷമിട്ട പങ്കജ്കുമാർ, രാജ്കുമാർ എന്നീ തടവുപുള്ളികളായ ‘വാനരൻമാരാണ് ‘ ജയിൽ ചാടി രക്ഷപ്പെട്ടത്.
സീതാദേവിയെ തെരഞ്ഞിറങ്ങിയ വാനരവീരൻമാർ പതിയെ ജയിലിൻ്റെ മതിൽ ചാടി അവിടന്ന് റോഡിൽ ചാടി രക്ഷപ്പെടുകയായിരുന്നു. നാടകം കണ്ടുകൊണ്ടിരുന്ന പൊലിസുകാർ ഇതും നാടകത്തിലുള്ളതാണെന്ന് കരുതി ആസ്വദിച്ചിരുന്നു. സീതാദേവിയെ കണ്ടെത്തി തിരികെ കൊണ്ടുവന്നപ്പോൾ തെരയാൻ പോയ രണ്ടു കുരങ്ങൻമാരെ കാണാനില്ല. സംഗതി പന്തിയല്ലെന്ന് കണ്ട പൊലിസുകാർ കുരങ്ങൻമാരെ തപ്പി ഇറങ്ങിയപ്പോഴാണ് അക്കിടി മനസിലായത്.
നാടകത്തിൻ്റെ പൂർണ ചുമതലയും തടവു പുള്ളികൾക്കായിരുന്നുവത്രേ. തലയിലെ തൊപ്പി തെറിക്കാതിരിക്കാൻ സീതാദേവിയെ പ്രാർത്ഥിച്ചിരിപ്പാണ് ഇപ്പോൾ പൊലിസുകാർ. തടവു ചാടിയ ജയിൽ പുള്ളികൾക്കായുള്ള അന്വേഷണം ശക്തമാക്കിയതായി ജയിൽ അധികൃതർ പറയുന്നു.
