സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്ത് ചേരും. പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച ചർച്ചകൾ, സർക്കാരുമായി പുതിയ പോർമുഖം തുറക്കുന്ന ഗവർണർ തുടങ്ങിയ വിഷയങ്ങൾ സെക്രട്ടേറിയറ്റ് ചർച്ച ചെയ്യുമെന്നറിയുന്നു. സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെങ്കിലും തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകില്ല.
കെ രാധാകൃഷ്ണൻ ഒഴിഞ്ഞ ചേലക്കരയിൽ മുൻ എം എൽ എ കൂടിയായ യു ആർ പ്രദീപിനെ സ്ഥാനാർത്ഥിയാക്കാനാണ് നിലവിൽ സാധ്യത. പ്രദീപിന് ജയസാധ്യത ഏറെയുള്ള മണ്ഡലമാണ് ചേലക്കര എന്നാണ് പാർട്ടിയുടെ പൊതുവായ വിലയിരുത്തൽ. പാലക്കാടാകട്ടെ നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായ കെ ബിനുമോളുടെ പേര് ജില്ലാ ഘടകം മുന്നോട്ടു വയ്ക്കുന്നതും ചർച്ചയാകും. ഡി വൈ എഫ് നേതാക്കളുടെ പേരും പാലക്കാട് മത്സരത്തിനായി സജീവ പരിഗണനയിലുണ്ട്.