ചോലനായ്ക്കർക്കിടയിലെ നായകനായി വിനോദ് ചെല്ലൻ

At Malayalam
2 Min Read

ഏഷ്യാ വൻകരയിൽ ഗുഹകളിൽ താമസിച്ച് ജീവിതം നയിക്കുന്ന ഒരേയൊരു ആദിവാസി വിഭാഗമേ ഇന്നുള്ളു , ചോലനായ്ക്കർ എന്ന, സാധാരണ ജീവിതത്തിലെ രീതികളോട് ഇനിയും സമരസപ്പെടാൻ തയ്യാറാകാത്ത, ഒത്തിരി പ്രത്യേകതകളുള്ള പച്ച മനുഷ്യർ. അവരുടെ ജീവിത ശൈലിയും മറ്റുള്ള ഗോത്രവിഭാഗങ്ങളിൽ നിന്നും ഏറെ വിഭിന്നമാണ് താനും. വിദ്യാഭ്യാസത്തിൻ്റെ കാര്യത്തിലായാലും ഏറെ പിന്നാക്കാവസ്ഥയിൽ തന്നെയാണ് ഇപ്പോഴും ആ വിഭാഗക്കാർ ജീവിക്കുന്നത്. അവിടെ നിന്ന് ഒരു ചെറുപ്പക്കാരൻ വിദ്യകൊണ്ട് ഉയർന്ന്, കടൽ കടന്ന് ലോക പ്രശസ്ത യൂണിവേഴ്സിറ്റികളിലേക്ക് പറന്നിരിക്കുന്നു, താൻ ആർജിച്ച അറിവുകൾ ലോകവുമായി പങ്കിടാൻ. കേരളത്തിന് അഭിമാനമായി മാറുകയാണ് ചോലനായ്ക്കർ എന്ന ആദിവാസി വിഭാഗത്തിൽ നിന്നുള്ള വിനോദ് ചെല്ലൻ. ചോലനായ്ക്കർ സമുദായത്തിൽ നിന്നുള്ള ആദ്യ പ്ലസ്ടുക്കാരൻ … ബി എ ക്കാരൻ …. എം എ ക്കാരൻ …. എം ഫിൽ , പി എച് ഡി എന്നീ നേട്ടങ്ങളുമായി പറന്നുയരുകയാണ് പത്തനംതിട്ട ജില്ലയിലെ വടശേരിക്കര എം ആർ എസിലെ ഈ പൂർവവിദ്യാർത്ഥി.

നോർവേ ആർടിച്ച് യൂണിവേഴ്സിറ്റിയിലും ലണ്ടൻ ദുർഹം യൂണിവേഴ്സിറ്റിയിലും പ്രബന്ധങ്ങൾ അവതരിപ്പിച്ചു കഴിഞ്ഞു വിനോദ് ചെല്ലൻ. ലോകത്തിൻ്റെ പല കോണുകളിൽ നിന്നെത്തിയ വൈജ്ഞാനിക സമൂഹം നമ്മുടെ വിനോദ് ചെല്ലൻ്റെ വാക്കുകൾ അത്യന്തം കൗതുകത്തോടെയും ആകാംക്ഷയോടെയുമാണ് കാതോർത്തിരുന്നത്. അവർ ഉന്നയിച്ച സംശയങ്ങൾക്കു കൂടി മറുപടി നൽകി നിറ കയ്യടികൾക്ക് നടുവിലൂടെ വിനോദ് ചെല്ലൻ ആ വേദി വിട്ടറങ്ങിയപ്പോൾ, അവനെ അതിനു പ്രാപ്തരാക്കിയ പട്ടിക വർഗ വികസന വകുപ്പിനു കീഴിലുള്ള സ്കൂളുകളിലെ അധ്യാപകരും വകുപ്പിലെ ഉദ്യോഗസ്ഥരും ഇങ്ങ് കേരളത്തിലിരുന്ന് ഈറനണിഞ്ഞ കണ്ണുകൾ തുടച്ചു. ചോലനായ്ക്കർ, പതിനായ്ക്കർ സമുദായങ്ങളുടെ സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ചുള്ള വിഷയത്തിൽ പി എച് ഡി നേടിയ വിനോദ് ഇപ്പോൾ സ്വന്തം സമുദായത്തിലെയും ബന്ധപ്പെട്ട ഇതര സമുദായങ്ങളുടെയും ക്ഷേമ പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കുമായി തൻ്റെ സമയം മാറ്റി വയ്ക്കുന്നുണ്ട്.

കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ സയൻസ് ആൻ്റ് ടെക്നോളജി ഡിപ്പാർട്ടുമെൻ്റ് ഓഫ് അപ്ലൈഡ് ഇക്കണോമിക്സിൽ റിസർച് ചെയ്യുകയാണിപ്പോൾ വിനോദ് ചെല്ലൻ. അച്ഛൻ മണ്ണള്ള ചെല്ലൻ, അമ്മ വിജയ, ഭാര്യ സുമിത്ര എന്നിവരോടൊപ്പം മലപ്പുറം ജില്ലയിലെ നിലമ്പൂർ കരുളായി പഞ്ചായത്തിലെ മഞ്ചീരി ഉന്നതിയിലാണ് താമസിക്കുന്നത്. സുമിത്ര കീ സ്റ്റോൺ ഫൗണ്ടേഷനിൽ കമ്മ്യൂണിറ്റി റിസേർച് ഫെലോ ആയി ജോലി ചെയ്യുന്നു.

നേട്ടങ്ങളുടെ ഉന്നതിയിൽ നിൽക്കുന്ന വിനോദ് ചെല്ലനെ പട്ടിക വർഗ വികസന വകുപ്പിൻ്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ മെമൻ്റോ നൽകി ആദരിച്ചു. ഓരോ ആദരവുകൾക്കു മുന്നിലും നേട്ടങ്ങൾക്കു മുന്നിലും വിനയാന്വിതനായി ശിരസു നമിച്ച് നിറപുഞ്ചിരിയോടെ മുന്നോട്ടു നടക്കുകയാണ് വിനോദ് ചെല്ലൻ എന്ന യുവാവ്

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment