എ ഡി ജി പി എം ആർ അജിത് കുമാറിനുള്ള പണി അധികം വൈകില്ലെന്ന സൂചന നൽകി സർക്കാർ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ശബരിമല മണ്ഡല – മകരവിളക്ക് അവലോകന യോഗത്തിൽ ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി യായ അജിത്കുമാറായിരുന്നു പങ്കെടുക്കേണ്ടിയിരുന്നത്. എന്നാൽ ഇന്നലത്തെ യോഗത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നില്ല.
കഴിഞ്ഞ വർഷത്തെ മണ്ഡലവിളക്ക് തീർത്ഥാടനത്തിൻ്റെ ആസൂത്രണവുമായി ബന്ധപ്പെട്ട് വിവിധ കോണുകളിൽ നിന്ന് നിരവധി പരാതികൾ ഉയർന്നിരുന്നു. ഈ വർഷം അത്തരം വിഷയങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് മുൻകൂട്ടി തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് അവലോകന യോഗം വിളിച്ചത്. ഡി ജി പി ഡോ. ഷെയ്ഖ് ദേർവേഷ് സാഹിബാണ് യോഗത്തിൽ വിഷയങ്ങൾ അവതരിപ്പിച്ചത്. വിവാദങ്ങൾക്കിടയിൽ പ്രത്യേകിച്ചും തൃശൂർ പൂരം അലങ്കോലമാക്കിയ എ ഡി ജി പി ക്ക് ശബരിമല പോലെ അതീവ പ്രാധാന്യമുള്ളിടത്ത് ചുമതല നൽകാൻ സർക്കാർ തയ്യാറല്ല എന്ന സൂചനയാണ് ഇതിലൂടെ സർക്കാർ നൽകുന്നത്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ദേവസ്വം വകുപ്പു മന്ത്രി വി എൻ വാസവൻ്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ഡി ജി പി തന്നെയാണ് പങ്കെടുക്കേണ്ടത്. എന്നാൽ ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി സ്വാഭാവികമായും യോഗത്തിൽ ഉണ്ടാകേണ്ടതാണ്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് എ ഡി ജി പി പങ്കെടുക്കേണ്ടതില്ല എന്ന നിർദേശം നൽകിയതായാണ് അറിയുന്നത്.