പി വി അൻവർ എം എൽ എ യുടെ നേതൃത്വത്തിലുള്ള പുതിയ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് അൻവർ തൻ്റെ സാമൂഹിക മാധ്യമത്തിലെ പോസ്റ്റിലൂടെ അറിയിച്ചു. ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള എന്നാണ് പുതിയ പാർട്ടിയുടെ പേരെന്നാണ് സൂചന. സി പി എം മായി കോർത്ത പി വി അൻവർ ഇന്നലെ ചെന്നൈയിൽ എത്തി ഡി എം കെ നേതാക്കളെ കണ്ടിരുന്നു. ഡി എം കെ മുന്നണിയിൽ അൻവർ ചേരും എന്ന നിലയിൽ ഇന്നലെ മുതൽ മാധ്യമങ്ങൾ റിപ്പോർട്ടുകളും നൽകുന്നുണ്ട്.
ബി ജെ പിയെ ഫലപ്രദമായി നേരിടാൻ സി പി എം , കോൺഗ്രസ് പാർട്ടികൾ നേതൃത്വം നൽകുന്ന മുന്നണികൾക്ക് നിലവിൽ കഴിയുന്നില്ല. അത് ഫലപ്രദമായി ചെയ്യുന്നത് ഡി എം കെ ആണെന്നാണ് പി വി അൻവർ പറയുന്നത്. ഇത് മുസ്ലിം ലീഗിലും കോൺഗ്രസിലുമുള്ള , ബി ജെ പി വളർച്ചയിൽ ആശങ്കയുള്ള മുസ്ലിംകളെ ഉദ്ദേശിച്ചാണെന്നാണ് ചില രാഷ്ട്രീയ കേന്ദ്രങ്ങൾ ചർച്ച ചെയ്യുന്നത്. അൻവറിൻ്റെ പുതിയ പാർട്ടിയും നീക്കങ്ങളും കൂടുതൽ ആശങ്ക ഉണ്ടാക്കുന്നത് ലീഗിനാണന്നതും വസ്തുതയാണ്.
മറ്റൊന്ന്, കേരള രാഷ്ട്രീയത്തിൽ തലയെടുപ്പുള്ള നേതാക്കൻമാരായി നിന്നവർ പ്രസ്ഥാനങ്ങളുമായി ആശയപരമായി വഴക്കിട്ട് പിണങ്ങി പോകുന്നതും പുതിയ രാഷ്ട്രീയ പാർട്ടികൾ രൂപീകരിക്കുന്നതും പുതിയ കാര്യമേയല്ല. എം വി രാഘവൻ, കെ ആർ ഗൗരി അമ്മ എന്നിവർ സി പി എംൽ നിന്നും സാക്ഷാൽ കെ കരുണാകരൻ കോൺഗ്രസിൽ നിന്നും ഭിന്നിച്ചു പോയി സ്വന്തമായി പാർട്ടികൾ ഉണ്ടാക്കിയ നാടാണ് കേരളം. ഈ പാർട്ടികളുടെയൊക്കെ ചരിത്രവും ഈ ഘട്ടത്തിൽ ഓർക്കേണ്ടതുണ്ട്. ഒരു രാഷ്ട്രീയ പ്രസ്ഥാനം പുതിയതായി രൂപീകരിച്ച് പുതിയ ആശയങ്ങൾ പൊതു സമൂഹത്തിനു മുന്നിൽ വച്ച്, സ്വന്തം നിലയിൽ മുന്നോട്ടു പോയി, ഒപ്പം അണികളെ നിർത്തുക എന്നത് എത്രത്തോളം ബുദ്ധിമുട്ടേറിയതാണ് എന്നതും ചിന്തനീയം. തുടക്കത്തിലെ ആവേശത്തിൽ ‘ നമ്മൾ അങ്ങനെ ചെയ്യും, നമ്മൾ ഇങ്ങനെ ചെയ്യും ‘ എന്നൊക്കെ പറയാനും സ്വപ്നം കാണാനും വലിയ വായിൽ വർത്തമാനം പറയാനും എളുപ്പമാണ്.
ആദ്യ ആവേശം കെട്ടടങ്ങുമ്പോൾ, ഇടതോ വലതോ മുന്നണികൾക്ക് ഒപ്പം കൂടി, ഒന്നോ രണ്ടോ സീറ്റിനു വേണ്ടി കടിപിടി കൂടി രാഷ്ട്രീയത്തിലെ സ്ഥിരം വിഴുപ്പലക്കൽ പ്രസ്ഥാനങ്ങളായി മാറിയും , ഒരു ഘട്ടത്തിലും ഒരു വിഷയത്തിലും പ്രസക്തിയില്ലാത്ത രാഷ്ട്രീയമായ പൊരുളില്ലാത്ത, ഉൾക്കരുത്തില്ലാത്ത എത്രയോ പ്രസ്ഥാനങ്ങൾ ഇപ്പോഴും കേരള രാഷ്ട്രീയത്തിൽ ഉണ്ട് എന്നതും മുന്നിലുള്ള വലിയ പാഠമാണ് എന്നത് അറിയാത്ത ആളാവില്ലല്ലോ പി വി അൻവർ.