എം ടി വാസുദേവൻ നായരുടെ വീട്ടിൽ നിന്നും 26 പവനോളം ആഭരണങ്ങൾ മോഷണം പോയി. കോഴിക്കോട് കൊട്ടാരം റോഡിലുള്ള വീട്ടിൽ നിന്നാണ് ആഭരണങ്ങൾ മോഷണം പോയതെന്ന് പൊലിസ് പറഞ്ഞു. എം ടി യുടെ ഭാര്യ സരസ്വതി, ആഭരണങ്ങൾ കളവുപോയി എന്നു കാണിച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടക്കാവ് പൊലിസ് കേസ് രജിസ്റ്റർ ചെയ്തു.
സ്വർണം ബാങ്ക് ലോക്കറിലിരിക്കുന്നതായാണ് കരുതിയിരുന്നത്. എന്നാൽ വീട്ടിലോ ലോക്കറിലോ കണ്ടെത്താൻ കഴിഞ്ഞില്ല. കഴിഞ്ഞ മാസത്തെ അവസാന ആഴ്ചയിലാണ് മോഷണം നടന്നതെന്ന് പരാതിയിൽ പറയുന്നു. മരതകം പതിച്ച ലോക്കറ്റ്, ഡയമണ്ട് കമ്മലും ലോക്കറ്റും, മാല, വള, കമ്മൽ എന്നിങ്ങനെയുള്ള ആഭരണങ്ങളാണ് കളവു പോയിരിക്കുന്നത്. പൊലിസ് അന്വേഷണം നടത്തിവരുന്നു.