വയനാട് ഉരുൾപൊട്ടലിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട ആറു കുട്ടികൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ട എട്ടു കുട്ടികൾക്ക് അഞ്ചു ലക്ഷം രൂപ വീതം നൽകാനും ഇന്നു ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് സഹായം നൽകുമെന്ന് തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു.
ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാനുള്ള സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമായി നടന്നുവരികയാണ്. പുനരധിവാസത്തിന് അനുയോജ്യം എന്ന് വിവിധ മേഖലകളിലെ വിഭഗ്ധർ പറയുന്ന മേപ്പാടി പഞ്ചായത്തിൽ ഉൾപ്പെട്ട നെടുമ്പാല എസ്റ്റേറ്റ്, കല്പറ്റ മുൻസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന എൽസ്റ്റോൺ എസ്റ്റേറ്റ് എന്നിവിടങ്ങളിൽ ആധുനിക സൗകര്യങ്ങൾ ഉള്ള ടൗൺഷിപ്പ് എന്ന ആശയമാണ് സർക്കാർ മുന്നോട്ടു വയ്ക്കുന്നത്.
കേരളത്തിൻ്റെ മൊത്തം വേദനയായി മാറിയ ശ്രുതി എന്ന കുട്ടിയ്ക്ക് സർക്കാർ ജോലി നൽകാൻ മന്ത്രിസഭ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. കർണാടകയിലെ ഷിരൂരിൽ മരിച്ച ലോറി ഡ്രൈവർ അർജുൻ്റെ കുടുംബത്തിന് ഏഴു ലക്ഷം രൂപ നൽകാനും മന്ത്രിസഭായോഗം തീരുമാനമെടുത്തു.