പി വി അൻവറിനോട് തനിയ്ക്ക് യോജിപ്പില്ലെന്ന് മുൻ മന്ത്രി കെ ടി ജലീൽ പറഞ്ഞു. വെടി വച്ചു കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രി പിണറായി വിജയനേയും സി പി എം നേയും ഒരു കാലത്തും തള്ളി പറയില്ല. ഒരു കാലത്തും താൻ പ്രസ്ഥാനത്തോടും പാർട്ടിയോടും മുന്നണിയോടും നന്ദികേടും കാണിക്കില്ല. പി വി അൻവർ സുഹൃത്താണ്, അതിനാൽ തൻ്റെ വിയോജിപ്പുകൾ അദ്ദേഹത്തിനെ അറിയിക്കും. എല്ലാ കാലത്തും താൻ സി പി എം നോട് ചേർന്ന് പ്രവർത്തിക്കുമെന്നും കെ ടി ജലീൽ ആവർത്തിച്ചു.
പാർട്ടി ആവശ്യപ്പെട്ടാൽ അൻവറിനെതിരെ പ്രചാരണത്തിനിറങ്ങാൻ തനിക്കൊരു മടിയുമില്ലന്ന് ജലീൽ പറഞ്ഞു. എസ് പി സുജിത് ദാസിനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുള്ളതു കൊണ്ട് അയാൾക്കെതിരെ ആദ്യം തന്നെ നടപടിയുണ്ടായി. എ ഡി ജി പി , ആർ എസ് എസ് നേതാക്കളെ കണ്ടത് ശരിയാണെന്ന് മുഖ്യമന്ത്രിയോ പാർട്ടിയോ മുന്നണിയോ പറഞ്ഞിട്ടില്ല. എ ഡി ജി പി ക്കെതിരെ അന്വേഷണം നടക്കുകയാണ്. റിപ്പോർട്ട് കിട്ടിയാലുടൻ പരിശോധിച്ച് ആവശ്യമെങ്കിൽ നടപടിയുണ്ടാകുമെന്നും ജലീൽ പറഞ്ഞു.