വൈകാരികത മാർക്കറ്റ് ചെയ്യുന്നു, അസഹനീയമായ സൈബർ ആക്രമണം; പരാതിയുമായി അർജുൻ്റെ കുടുംബം

At Malayalam
1 Min Read

ഷിരൂരിൽ മരിച്ച ലോറി ഡ്രൈവർ അർജുൻ്റെ കുടുംബം ലോറി ഉടമ മനാഫിനെതിരെ രംഗത്ത്. അയാൾ അതിവൈകാരികത മാർക്കറ്റ് ചെയ്യുകയാണെന്നും എല്ലാം താൻ ഒറ്റക്കാണ് നടത്തിയെടുത്തതെന്നു വരുത്തി തീർക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും കുടുംബം ആരോപിക്കുന്നു. കേരള – കർണാടക സർക്കാരുകൾ, അർജുൻ്റെ കുടുംബം, വിവിധ പാർട്ടികളുടെ നേതാക്കളും ഭരണകർത്താക്കളും നാട്ടുകാരുമടക്കം വലിയ ശ്രമം നടത്തിയതിൻ്റെ ഭാഗമായാണ് അർജുനെ തിരികെ കിട്ടിയത്. എല്ലാവർക്കും നന്ദി പറഞ്ഞ കുടുംബം മനാഫിനെതിരെ രൂക്ഷമായി പ്രതികരിച്ചു.

ചില പ്രചാരണങ്ങൾ മൂലം അർജുൻ്റെ കുടുംബത്തിനെതിരെ രൂക്ഷമായ സൈബർ ആക്രമണം ഉണ്ടായതായി അർജുൻ്റെ സഹോദരി ഭർത്താവ് ജിതിൻ പറഞ്ഞു. അർജുനെ കണ്ടെത്തിയ ശേഷം സഹോദരി അഞ്ജു നടത്തിയ പ്രതികരണത്തിൽ അതി രൂക്ഷമായ സൈബർ ആക്രമണം നേരിടേണ്ടി വന്നു.

അർജുന് 75,000 രൂപ ശമ്പളമുണ്ടെന്ന് ഒരു വ്യക്തി പറഞ്ഞു നടന്നു. അതിൻ്റെ പേരിൽ എന്തെല്ലാം കേൾക്കേണ്ടി വന്നുവെന്ന് തങ്ങൾക്കു മാത്രമേ അറിയൂ എന്ന് ജിതിൻ പറഞ്ഞു. മാത്രമല്ല പല സ്ഥലങ്ങളിൽ നിന്നു ഫണ്ട് ശേഖരണവും നടത്തിയതായി അറിയാൻ കഴിഞ്ഞു. ഞങ്ങൾക്ക് ഇതിൽ 10 പൈസയുടേയും ആവശ്യമില്ല. എന്തിനാണ് വൈകാരികത വിറ്റ് നടക്കുന്നതെന്നും ജിതിൻ ചോദിക്കുന്നു.

അർജുൻ്റെ മകനെ മനാഫ് വളർത്തുമെന്ന് പറഞ്ഞു നടക്കുന്നത് എന്തടിസ്ഥാനത്തിലാണന്ന് ജിതിൻ ചോദിച്ചു. മനാഫ് തന്നെയാണ് ആ പ്രചാരണത്തിനു പിന്നിലെന്നും ജിതിൻ ആരോപിച്ചു. അതു പറഞ്ഞും പണം പിരിക്കുന്നുണ്ട്. കുട്ടിയെ വളർത്തണമെന്ന് ഞങ്ങളാരെങ്കിലും അയാളോട് ആവശ്യപ്പെട്ടോ? അർജുൻ നഷ്ടമായി എന്നത് വസ്തുതയാണ്. എന്നു കരുതി പിച്ച എടുത്ത് ജീവിക്കേണ്ട കാര്യം തങ്ങൾക്കില്ലെന്നും കുടുംബം പറയുന്നു.

- Advertisement -

മനാഫിന് സ്വന്തമായി യു ട്യൂബ് ചാനൽ ഉണ്ടന്നും അതിൻ്റെ റേറ്റിംഗും മറ്റുമാണ് ഷിരൂരിൽ അവർ ചർച്ച ചെയ്തിരുന്നതെന്നും അതിവൈകാരികത വിൽക്കാനുള്ള കാരണം അതാണെന്നും കുടുംബം ആവർത്തിച്ചു. തൻ്റെ ലോറിക്ക് അർജുൻ്റെ പേരു നൽകുമെന്ന് മനാഫ് പറഞ്ഞതിനേയും കുടുംബം ചോദ്യം ചെയ്തു. അർജുൻ്റെ പേര് ഇനി മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കാൻ പാടില്ലെന്ന് അർജുൻ്റെ അമ്മയും ആവശ്യപ്പെട്ടു.

Share This Article
Leave a comment