56 വർഷങ്ങൾക്കു മുമ്പ് ലഡാക്കിൽ നടന്ന സൈനിക വിമാനാപകടത്തിൽ മരിച്ച മലയാളി സൈനികൻ്റെ ഭൗതിക അവശേഷിപ്പുകൾ കണ്ടെത്തിയതായി ഇന്ത്യൻ സൈന്യം അദ്ദേഹത്തിൻ്റെ ബന്ധുക്കൾക്ക് അറിയിപ്പു നൽകി. 1968 ഫെബ്രുവരി 7 ന് ലഡാക്കിൽ വച്ചുണ്ടായ വിമാനാപകടത്തിൽ മരിച്ച, അന്ന് 22 വയസു മാത്രം പ്രായമുണ്ടായിരുന്ന, പത്തനംതിട്ട സ്വദേശിയായ തോമസ് ചെറിയാൻ്റെ ഭൗതിക ശേഷിപ്പുകളാണ് ഇപ്പോൾ കണ്ടെടുത്തിരിക്കുന്നത്. പട്ടാള പരിശീലന ശേഷം ആദ്യ നിയമനം ലഭിച്ച് ലഡാക്കിലേക്ക് പോയ വിമാനത്തിൽ തോമസ് ചെറിയാനടക്കം 103 പേരുണ്ടായിരുന്നതായാണ് അന്നു കിട്ടിയ വിവരം.
പത്തനംതിട്ട ജില്ലയിലെ ഇലന്തൂർ ഒടാലിൽ സ്വദേശിയായ തോമസ് ചെറിയാനെ കണ്ടെത്താൻ തെരച്ചിൽ തുടരുന്നുണ്ടന്ന് ബന്ധുക്കൾ അന്വേഷിച്ചപ്പോൾ സൈന്യം മറുപടി നൽകിയിരുന്നു. 2019 ൽ ഈ അപകടത്തിൽ മരിച്ച അഞ്ചു സൈനികരുടെ മൃതദേഹ ഭാഗങ്ങൾ കിട്ടിയിരുന്നു. അതിനു ശേഷം ഇപ്പോഴാണ് നാലു പേരുടെ അവശേഷിപ്പുകൾ കിട്ടിയത്. അതിൽ ഒന്ന് തോമസ് ചെറിയാൻ തന്നെയാണെന്ന് സൈന്യം സ്ഥിരീകരിച്ചതായാണ് അറിയിച്ചത്.
തോമസ് ചെറിയാനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷ തങ്ങൾക്കുണ്ടായിരുന്നതായി അദ്ദേഹത്തിൻ്റെ ബന്ധുക്കൾ പറഞ്ഞു. ആ കാത്തിരുപ്പിനാണ് ഇപ്പോൾ അവസാനമായിരിക്കുന്നത്. തോമസ് ചെറിയാൻ്റെ ഭൗതികാവശിഷ്ടങ്ങൾക്കൊപ്പം മറ്റു മൂന്നു പേരുടെ ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്. ഇതിൽ ഒരാളെ ഇനിയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലന്നാണ് അറിയുന്നത്.
