കഴിഞ്ഞ അഞ്ചു ദിവസം കാണാമറയത്തായിരുന്ന സിദ്ദിഖ് ഇന്ന് അഭിഭാഷകനെ കാണാനായി എത്തി. രണ്ടാഴ്ച ജാമ്യം ലഭിച്ച സിദ്ദിഖ് അഡ്വ: രാമൻ പിള്ളയുടെ കൊച്ചിയിലെ വീട്ടിലാണ് എത്തിയത്. മാധ്യമ പ്രവർത്തകർ ചോദ്യങ്ങളുമായി വളഞ്ഞെങ്കിലും പ്രതികരിക്കാതെ സിദ്ദിഖ് മടങ്ങി. കാണാതായ സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടീസുവരെ അന്വേഷണ സംഘം പുറപ്പെടുവിച്ചെങ്കിലും സിദ്ദിഖിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
സിദ്ദിഖിനെ ചോദ്യം ചെയ്താലും അറസ്റ്റു രേഖപ്പെടുത്തി വിട്ടയക്കണമെന്ന് സുപ്രീം കോടതി നിർദേശം നൽകിയിട്ടുണ്ട്. സിദ്ദിഖ് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണമെന്ന് സുപ്രിം കോടതിയും നിർദ്ദേശിച്ചിട്ടില്ല. ആ നിലക്ക് സിദ്ദിഖ് സ്വന്തമായി ഹാജരാകാനും സാധ്യത വിരളമാണ്. അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം സിദ്ദിഖിന് വേണമെങ്കിൽ നോട്ടിസ് നൽകാം. അതിനാണ് സാധ്യതയേറെ.
ഇക്കാര്യങ്ങളിലൊക്കെ വ്യക്തത വരുത്താനും തുടർന്നുള്ള നിയമോപദേശങ്ങൾക്കുമാണ് സിദ്ദിഖ് അഭിഭാഷകനെ കാണാനെത്തിയതെന്ന് ആണ് വിലയിരുത്തുന്നത്.
