സിനിമകളിൽ അവസരം നൽകാം എന്ന് വാഗ്ദാനം നൽകി ദുബായിൽ തന്നെ കൂട്ട ബലാത്സംഗം ചെയ്തു എന്ന യുവതിയുടെ പരാതിയിൽ നടൻ നിവിൻ പോളിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. യുവതിക്കെതിരെ നിവിൻ പോളി നൽകിയ, ഗൂഢാലോചനയാണെന്ന പരാതിയെ സംബന്ധിച്ചും സംഘം നടൻ്റെ മൊഴിയെടുത്തിട്ടുണ്ട്. കോതമംഗലം സ്വദേശിയായ യുവതിയാണ് നിവിൻ ഉൾപ്പെടെ ആറു പേർക്കെതിരെ പരാതി നൽകിയത്.
ദുബായിൽ വച്ച് തന്നെ കൂട്ടമായി ആക്രമിച്ച തീയതി അടക്കമാണ് യുവതി പരാതി നൽകിയിരുന്നത്. ദൃശ്യങ്ങൾ മൊബയിൽ ഫോണിൽ പകർത്തുകയും പരാതിപ്പെട്ടാൽ അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറഞ്ഞിരുന്നു. നിവിൻ പോളി ആറാം പ്രതിയായ കേസിൽ നിർമാതാവടക്കമുള്ളവരാണ് പ്രതി പട്ടികയിലുള്ളത്.
യുവതി നൽകിയ പരാതി വ്യാജമാണെന്നും ഏതന്വേഷണവും നേരിടാൻ താൻ തയ്യാറാണെന്നും നിവിൻ പോളി അന്നു തന്നെ പ്രതികരിച്ചിരുന്നു. മാത്രമല്ല ബലാത്സംഗം ചെയ്തു എന്നു യുവതി ആരോപിക്കുന്ന ദിവസങ്ങളിൽ നിവിൻ , വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ കൊച്ചിയിലെ ലൊക്കേഷനിൽ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നതിൻ്റേയും കൊച്ചിയിൽ ഹോട്ടലിൽ താമസിച്ചതിൻ്റെ രേഖകൾ അടക്കം പുറത്തുവരികയും ചെയ്തിരുന്നു. കൂടാതെ സംവിധായകൻ വിനീത് ശ്രീനിവാസനും അവതാരകയായ പാർവതിയും ഇക്കാര്യങ്ങൾ തെളിവുകൾ സഹിതം പുറത്തു വിടുകയും ചെയ്തിരുന്നു.