സെപ്റ്റംബർ – 30
കാരൂർ നീലകണ്ഠ പിള്ള
മലയാള ചെറുകഥാരംഗത്തെ കുലപതിയാണ് കാരൂർ നീലകണ്‌ഠപ്പിള്ള. മനുഷ്യരുടെ സ്നേഹത്തിൻ്റെയും ആശകളുടെയും ആകുലതകളുടെയും നന്മകളുടെയും കഥകൾ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചു.
ലളിതമായ ഭാഷയും ഹൃദ്യമായ അവതരണവുമായിരുന്നു കാരൂർ കഥകളുടെ പ്രത്യേകത. ഏറെ പ്രിയപ്പെട്ടൊരാൾ അടുത്തിരുന്ന് കഥ പറയുന്ന അനുഭവമായിരുന്നു കാരൂർ കഥകൾ വായനക്കാർക്ക് സമ്മാനിച്ചത്. ഏറ്റവും സാധാരണക്കാരായിരുന്നു കാരൂർ കഥകളിലെ കഥാപാത്രങ്ങൾ. അലങ്കാരങ്ങളുടെ ധാരാളിത്തം കൂടാതെയാണ് കാരൂർ കഥകൾ പറഞ്ഞത്. അവയെല്ലാം പച്ചയായ ജീവിത സാഹചര്യങ്ങളിൽ നിന്നാണ് അദ്ദേഹം സൃഷ്ടിച്ചത്.
കാരൂർ എന്ന് കേൾക്കുമ്പോൾ വായനക്കാരന്റെ മനസ്സിൽ ഓടിയെത്തുന്ന ആദ്യ കഥ പൊതിച്ചോറാണ്. അധ്യാപകനായി ജോലി ചെയ്തിരുന്നതിനാൽ അധ്യാപക കഥകളായിരുന്നു കാരൂരിന്റ കൃതികളിൽ വലിയൊരു ഭാഗവും. എന്നാൽ അത് മാത്രമായിരുന്നില്ല കാരൂർ. ജീവിതഗന്ധിയായ മറ്റനേകം കഥകളും കാരൂരിന്റെ തൂലികയിൽ നിന്ന് പിറന്നിട്ടുണ്ട്.
കാരൂർ അധ്യാപകനായിരുന്ന കാലത്ത് കേരളത്തിലെ അധ്യാപകരുടെ ജീവിതം ദയനീയമായിരുന്നു. ജീവിക്കാൻ ആവശ്യമായ വരുമാനമോ സേവനത്തിന് ഉതകുന്ന അംഗീകാരമോ അക്കാലത്ത് അധ്യാപകർക്ക് ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ തൻ്റെ സഹപ്രവർത്തകർ അനുഭവിച്ചിരുന്ന ദാരിദ്ര്യവും സങ്കടങ്ങളും കാരൂർ കഥകൾക്ക് വിഷയമാക്കി. അധ്യാപകരുടെ ജീവിതാവസ്ഥ പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ കാരൂർ കഥകൾ വലിയ പങ്ക് വഹിച്ചു എന്നത് നിസംശയം പറയാം.
ഉതുപ്പാന്റെ കിണറാണ് ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കാരൂർ കഥ. യന്ത്രവൽക്കരണം എങ്ങനെയാണ് മനുഷ്യജീവിതത്തിലെ നന്മകളെ ഇല്ലാതാക്കുന്നതെന്ന് ഈ കഥയിലൂടെ കാരൂർ വരച്ചുകാട്ടി. കണ്ണു നനയിക്കാനും കരയിപ്പിക്കാനും കാരൂർ കഥകൾക്കുള്ള കരുത്ത് മലയാളികൾ വായിച്ചറിഞ്ഞിട്ടുണ്ട്.
തൂപ്പുകാരി, പിശാചിൻ്റെ കുപ്പായം എന്നീ കഥകളും വായനക്കാർ ഹൃദയത്തിലേറ്റിയവയാണ്. മലയാള സാഹിത്യത്തിൻ്റെ നവോത്ഥാന മുന്നേറ്റത്തിൽ പ്രധാനി കൂടിയായിരുന്നു കാരൂർ.
1932 ൽ ആണ് കാരൂരിൻ്റെ ആദ്യകഥ പ്രസിദ്ധീകരിച്ചത്. ഭൃത്യവാത്സല്യം എന്നായിരുന്നു പേര്. തുടർന്ന് 22 സമാഹാരങ്ങളിലായി 187 കഥകൾ. കൂടാതെ നാടകവും ബാലസാഹിത്യവും നോവലുകളും. ആനക്കാരൻ, മോതിരം എന്നീ കൃതികൾക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ ലഭിച്ചു.
സാഹിത്യപ്രവർത്തക സംഘത്തിൻ്റെ സ്ഥാപക സെക്രട്ടറി കൂടിയായിരുന്നു കാരൂർ. സംഘത്തിൻ്റെ വളർച്ചയിൽ അദ്ദേഹം നിർണായക സംഭാവനകൾ നൽകിയിട്ടുമുണ്ട്.