പരവൂർ ഗോവിന്ദൻ ദേവരാജൻ, (ജി ദേവരാജൻ അഥവാ ദേവരാജൻ മാസ്റ്റർ) മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനായിരുന്നു. മുന്നൂറിലേറെ മലയാളചലച്ചിത്രങ്ങൾക്ക് ദേവരാജൻ മാസ്റ്റർ ഈണം പകർന്നിട്ടുണ്ട്. മലയാളത്തിൽ ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചതും ഏറ്റവും കൂടുതൽ ചലച്ചിത്രഗാനങ്ങൾ സൃഷ്ടിച്ചതും അദ്ദേഹമാണ്. ഇതിനു പുറമേ പല നാടകങ്ങൾക്കും 20 തമിഴ് ചലച്ചിത്രങ്ങൾക്കും നാലു കന്നഡ ചലച്ചിത്രങ്ങൾക്കും അദ്ദേഹം സംഗീതസംവിധാനം ചെയ്തു.
മലയാളത്തിലെ നിത്യഹരിതഗാനങ്ങളാണ് ദേവരാജൻ മാസ്റ്ററുടെ ഗാനങ്ങളിൽ പലതും. തമിഴ് ചിത്രമായ ‘അണ്ണൈ വേളാങ്കണ്ണി’ എന്ന ചിത്രത്തിലെ ഗാനം വളരെ പ്രശസ്തമായിരുന്നു. കേരള സർക്കാരിന്റെ ഏറ്റവും നല്ല ചലച്ചിത്രസംഗീതസംവിധായകനുള്ള പുരസ്കാരം ദേവരാജൻ മാസ്റ്റർ അഞ്ചു തവണ നേടിയിട്ടുണ്ട്.

ആദ്യകാലം
കൊല്ലം ജില്ലയിലെ പരവൂരിൽ 1927 സെപ്റ്റംബർ 27-ന് ജനിച്ചു. പിതാവ് മൃദംഗവിദ്വാനായിരുന്ന കൊച്ചുഗോവിന്ദനാശാൻ. മാതാവ് കൊച്ചുകുഞ്ഞ്. ഇവരുടെ മൂത്ത മകനായിരുന്നു ദേവരാജൻ. പ്രാഥമിക വിദ്യാഭ്യാസം വീട്ടിലും തെക്കുംഭാഗം ലോവർ പ്രൈമറി സ്കൂളിലുമായിരുന്നു. ശേഷം കോട്ടപ്പുറം ഹൈസ്കൂളിൽ. തിരുവനന്തപുരം ശ്രീമൂലവിലാസം ഹൈസ്കൂളിൽ നിന്ന് ഇംഗ്ലീഷ് സ്കൂൾ ലീവിങ്ങ് സർട്ടിഫിക്കറ്റ് നേടി. 1946-1948 ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കലാലയത്തിൽ നിന്ന് ഇന്റർമീഡിയറ്റ് ഒന്നാം തരത്തിൽ ജയിച്ചു. എഞ്ചിനീയറിങ്ങിന് പ്രവേശനം ലഭിച്ചുവെങ്കിലും എം ജി കോളജിൽ സാമ്പത്തിക ശാസ്ത്രം ഐച്ഛിക വിഷയമായെടുത്ത് പഠിച്ചു.
ദേവരാജൻ തന്റെ ആദ്യത്തെ ശാസ്ത്രീയ സംഗീത കച്ചേരി 18 ആം വയസ്സിൽ നടത്തി. തിരുവിതാംകൂറിൽ അന്ന് റേഡിയോ നിലയമില്ലാതിരുന്നതിനാൽ തിരുച്ചിറപ്പള്ളിയിലെ റേഡിയോ നിലയത്തിലാണ് അദ്ദേഹത്തിന്റെ കച്ചേരികൾ സംപ്രേഷണം ചെയ്തിരുന്നത്. പ്രശസ്ത കവികളുടെ കവിതകൾക്ക് ഈണം പകർന്ന് അവ ആലപിക്കുന്ന ഒരു പുതിയ സമ്പ്രദായത്തിന് അദ്ദേഹം തുടക്കമിട്ടു. കുമാരനാശാൻ, ഉള്ളൂർ എസ് പരമേശ്വര അയ്യർ, വള്ളത്തോൾ നാരായണ മേനോൻ, ചങ്ങമ്പുഴ കൃഷ്ണപിള്ള, വൈലോപ്പിള്ളി ശ്രീധരമേനോൻ തുടങ്ങി പ്രസിദ്ധരായ നിരവധി കവികളുടെ കവിതകൾ അദ്ദേഹം സംഗീതം നൽകി അവതരിപ്പിച്ചിട്ടുണ്ട്.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായ ദേവരാജൻ തന്റെ സർഗ്ഗാത്മകത ജനകീയ സംഗീതത്തിനായി സമർപ്പിച്ചു. കേരളത്തിലെ പ്രശസ്ത നാടകവേദിയായിരുന്ന കേരളാ പീപ്പിൾസ് ആർട്സ് ക്ലബ് (കെ പി എ സി) ൽ ദേവരാജൻ ചേർന്നു. അദ്ദേഹത്തെ പ്രശസ്തനാക്കിയ നാടകഗാനം പൊന്നരിവാളമ്പിളിയിൽ കണ്ണെറിയുന്നോളെ എന്ന ഗാനമായിരുന്നു. കെ പി എ സിയ്ക്കും അതിലെ അംഗങ്ങൾക്കും കമ്യൂണിസ്റ്റ് തത്ത്വശാസ്ത്രങ്ങളോട് ഒരു ചായ്‌വുണ്ടായിരുന്നു. കെ പി എ സി യുടെ നാടകങ്ങൾ കമ്യൂണിസ്റ്റ് തത്ത്വശാസ്ത്രങ്ങളെ മലയാളികളുടെ ഇടയിൽ പ്രചരിപ്പിക്കുന്നതിൽ ഒരു പ്രധാന പങ്കുവഹിച്ചു.
തന്റെ ഗാനങ്ങളിലൂടെ ദേവരാജൻ മലയാള നാടകവേദിയിൽ ഒരു മായാത്ത മുദ്ര പതിപ്പിച്ചു. തോപ്പിൽ ഭാസി രചിച്ച നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകം ദേവരാജന്റെ സംഗീത ജീവിതത്തിൽ ഒരു വഴിത്തിരിവായിരുന്നു. 1961-ൽ കെ പി എ സി വിട്ട ദേവരാജൻ, തുടർന്ന് കാളിദാസ കലാകേന്ദ്രം എന്ന നാടക സമിതി രൂപീകരിക്കാൻ മുൻകയ്യെടുത്തിരുന്നു.

മരണം
ഏറെക്കാലം പ്രമേഹമടക്കം വാർധക്യസഹജവും അല്ലാത്തതുമായ നിരവധി രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടിയ ദേവരാജൻ, 78ആം വയസ്സിൽ 2006 മാർച്ച് 14 ന് രാത്രി പതിനൊന്ന് മണിയോടെ ചെന്നൈ കാംദാർ നഗറിലെ സ്വവസതിയിൽ അന്തരിച്ചു. ഹൃദയസ്തംഭനമായിരുന്നു മരണകാരണം.
ഭാര്യ – ലീലാമണി ദേവരാജൻ (കഥകളി കലാകാരി), മക്കൾ – ശർമ്മിള, രാജനന്ദൻ
