തൃശൂരിൽ മൂന്നിടങ്ങളിൽ എ ടി എമ്മുകൾ കൊള്ളയടിച്ച സംഘം തമിഴ്നാടില്‍ പിടിയില്‍. ഹരിയാനക്കാരായ സംഘം നാമക്കല്ലിൽ വെച്ചാണ് തമിഴ്നാട് പൊലീസിന്‍റെ പിടിയിലായത്. ഏറ്റുമുട്ടലില്‍ ഒരു പ്രതി കൊല്ലപ്പെട്ടു. നേരത്തെ കണ്ണൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൊള്ള നടത്തിയ അതേ സംഘമാണ് ഇതെന്ന് പൊലീസ് പറയുന്നു.
പണം കണ്ടയ്നറിൽ കെട്ടുകളാക്കിയാണ് സംഘം കൊണ്ടുപോയത്. കവർച്ചാ സംഘത്തിന്‍റെ കയ്യിൽ തോക്കും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രതികളെ പിന്തുടരുന്നതിനിടെയാണ് തമിഴ്നാട് പൊലീസുമായി നാമക്കലിൽ വച്ച് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകാരനും പരിക്കേറ്റു. ഇൻസ്‌പെക്ടർ തവമണി, രഞ്ജിത്ത് കുമാർ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കൊള്ളസംഘത്തില്‍ ആറു പേരാണ് ഉണ്ടായിരുന്നതെന്നും എല്ലാവരും ഹരിയാന സ്വദേശികളാണെന്നും പൊലീസ് അറിയിച്ചു.
മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എസ് ബി ഐ എ ടി എമ്മുകളിലാണ് കവര്‍ച്ച നടന്നത്. പുലർച്ചെ 2.30 നും 4 മണിക്കും മധ്യേ ഗ്യാസ് കട്ടർ ഉപയോഗിച്ച് എ ടി എം തകർത്തയിരുന്നു കവര്‍ച്ച. മൂന്ന് എ ടി എമ്മുകളിൽ നിന്നായി 65 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം. മാപ്രാണത്തെ എ ടി എമ്മില്‍ നിന്ന് 30ലക്ഷം രൂപ, കോലഴിയിലെ എ ടി എമ്മില്‍ നിന്ന് 25ലക്ഷം രൂപ, ഷൊർണൂരിലെ എ ടി എമ്മില്‍ നിന്ന് 9.5 ലക്ഷം രൂപയും നഷ്ടപ്പെട്ടു എന്നാണ് പൊലീസിന് ലഭിച്ച വിവരം.
