എറണാകുളം ജില്ലയിലെ പട്ടിമറ്റത്തെ ബെവ്കോ ശാഖയിലെത്തി മദ്യം വാങ്ങി പണം നൽകാതെ ഇറങ്ങി ഓടിയ പൊലിസുകാരൻ അറസ്റ്റിലായി. കളമശേരി എ ആർ ക്യാമ്പിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ഗോപിയാണ് പിടിയിലായത്. മദ്യം ആവശ്യപ്പെട്ട ശേഷം കൗണ്ടറിൽ ജോലിയിലുണ്ടായിരുന്ന സ്ത്രീയോട് മോശമായ ഭാഷയിൽ ഗോപി സംസാരിച്ചതായും പരാതിയുണ്ട്. തുടർന്ന് മദ്യമെടുത്ത് ഇയാൾ പുറത്തേക്ക് ഓടുകയായിരുന്നു.
വാതിലിൽ സുരക്ഷാ ജോലിയിൽ ഉണ്ടായിരുന്ന മറ്റൊരു സ്ത്രീ ഇയാളെ തടഞ്ഞെങ്കിലും അവരെ തള്ളി മറിച്ചിട്ടാണ് ഇയാൾ ഓടിയത്. ഓട്ടത്തിനിടയിൽ സ്ഥാപനത്തിൻ്റെ വാതിലും തകർന്നു. പിന്നാലെ എത്തിയ മറ്റു ജീവനക്കാർ ഇയാളെ ഓടിച്ചിട്ട് പിടി കൂടുകയായിരുന്നു.
മദ്യ ലഹരിയിലായിരുന്ന ഇയാളെ ജീവനക്കാർ തടഞ്ഞു വച്ച് പൊലിസിനെ വിളിച്ചു വരുത്തി ഏൽപ്പിക്കുകയായിരുന്നു. വകുപ്പു തല നടപടികളും ഇയാൾക്കെതിരെ ഉണ്ടാകുമെന്ന് പൊലിസ് ഉദ്യോഗസ്ഥർ അറിയിച്ചു.