നടൻ സിദ്ദിഖിനെതിരെയുള്ള പരാതിക്കാരിയുടെ മൊഴികളെല്ലാം ശരി വയ്ക്കുന്ന രീതിയിലാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. 2016 ജനുവരി 28 ന് തിരുവനന്തപുരത്തെ മാസ്ക്കറ്റ് ഹോട്ടലിലെ 101ഡി എന്ന മുറിയിൽ വച്ചാണ് സിദ്ദിഖ് തന്നെ ഉപദ്രവിച്ചത് എന്നതടക്കമുള്ള പരാതിക്കാരിയുടെ മൊഴികൾ മിക്കതും ശരിവയ്ക്കുന്ന തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം.
കണ്ണാടി കൊണ്ടുള്ള ജനലിൻ്റെ കർട്ടൻ മാറ്റി നോക്കിയാൽ പുറത്തുള്ള നീന്തൽകുളം കാണാമെന്നും സിദ്ദിഖ് അന്ന് ചോറും മീൻ കറിയും തൈരുമാണ് കഴിച്ചിരുന്നത് എന്ന് തെളിവെടുപ്പിൽ പരാതിക്കാരി പറഞ്ഞതുമൊക്കെ ഹോട്ടലിൽ അന്വേഷണ സംഘം എത്തി പരിശോധിച്ചപ്പോൾ ശരിയാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ജനുവരി 27 ന് രാത്രി മാസ്ക്കറ്റ് ഹോട്ടലിൽ മുറിയെടുത്ത് താമസിച്ച സിദ്ദിഖ് 28 വൈകിട്ട് അഞ്ചു മണി വരെ അവിടെ ഉണ്ടായിരുന്നതായും രേഖകളിലുണ്ട്.
സിദ്ദിഖിൽ നിന്നു നേരിടേണ്ടി വന്ന ശാരീരിക അതിക്രമത്തിനു പിന്നാലെ താൻ കടുത്ത മാനസിക സംഘർഷത്തിലായതിനെ തുടർന്ന് രണ്ട് മനോരോഗ വിദഗ്ധരുടെ സേവനം തേടിയതായി പരാതിക്കാരി പറഞ്ഞിരുന്നു. രണ്ട് ഡോക്ടർമാരും അക്കാര്യം ശരി വയ്ക്കുകയും ചെയ്തു. അച്ഛൻ, അമ്മ, ഒരു സുഹൃത്ത് എന്നിവരോടൊപ്പമാണ് താൻ ഹോട്ടലിൽ എത്തിയിരുന്നത് എന്നത് മൂവരും സമ്മതിച്ചു.
അതിക്രമത്തിനു ശേഷം മാനസികമായി തകർന്ന താൻ ഇക്കാര്യം പിറ്റേ ദിവസം തന്നെ തൻ്റെ അടുത്ത ഒരു സുഹൃത്തിനോട് പറഞ്ഞിരുന്നതായും പരാതിക്കാരി മൊഴി നൽകിയിരുന്നു. ഇക്കാര്യം പരാതിക്കാരി തന്നോട് പറഞ്ഞിരുന്നതായി സുഹൃത്തും അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്.