എ.ഡി ജി പി ഇടനിലക്കാരനെന്ന ആക്ഷേപം

At Malayalam
3 Min Read

മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വിശദമാക്കുന്നത്

എ ഡി ജി പി , ആര്‍ എസ് എസ് നേതാക്കളെ കണ്ടത് എന്‍റെ ഇടനിലക്കാരനായിട്ടാണ് എന്നാണല്ലോ പ്രതിപക്ഷ നേതാവിന്‍റെ ആരോപണം. തങ്ങളുടെ രാഷ്ടീയ താല്‍പര്യത്തിന് വേണ്ടി പൊലീസുകാരെ പലതരം ഇടനിലകള്‍ക്കായി ഉപയോഗിച്ചതിന്‍റെ മുന്‍കാല അനുഭവംവെച്ചാണോ അദ്ദേഹം ഈ ആരോപണം ഉന്നയിക്കുന്നത്. രാഷ്ട്രീയ ദൗത്യവുമായി പോലീസിനെ അയക്കുന്ന പരിപാടി ഞങ്ങളുടേതല്ല. വി ഡി സതീശന്‍ ആ പഴയ കാലം മറന്ന് തുടങ്ങിയെങ്കില്‍ ചിലത് അദ്ദേഹം ഓര്‍ക്കേണ്ടതുണ്ട് എന്നാണ് തോന്നുന്നത്.

ജയറാം പടിക്കലിന്‍റെ ജീവചരിത്രം ( വെങ്ങാനൂര്‍ ബാലകൃഷ്ണന്‍ എഴുതി മൈത്രി ബുക്ക്സ് പ്രസിദ്ധീകരിച്ചത് ) ആണ് എന്‍റെ കൈവശം ഉളളത്. ഇതിലെ പേജ് നമ്പര്‍ 148 വായിക്കാം

ഡി ജി പി പദവി സ്വപ്നം കണ്ടു കഴിഞ്ഞിരുന്ന ജയറാം പടിക്കല്‍ 91ലെ പൊതുതെരഞ്ഞെടുപ്പ് അടുത്തതോടെ ഭയപ്പെടാന്‍ തുടങ്ങി. പ്രതീക്ഷിക്കും പോലെ ഇടതുപക്ഷജനാധിപത്യ മുന്നണി വിജയിച്ച് സംസ്ഥാനത്ത് അധികാരത്തില്‍ വന്നാല്‍ തനിക്ക് ഡി ജി പി ആകാന്‍ പറ്റില്ലെന്ന് അദ്ദേഹം കരുതി. അതു തടയാനായി മാര്‍ഗ്ഗങ്ങള്‍ ആരായുന്നതിനിടയിലാണ്, ചില മണ്ഡലങ്ങളില്‍ ബി ജെ പി സ്ഥാനാര്‍ത്ഥികളുടെ കടന്നുകയറ്റം ഐക്യമുന്നണിസ്ഥാനാര്‍ത്ഥികളുടെ പരാജയത്തില്‍ കലാശിക്കുമെന്നും അതിനാല്‍ അവിടെ പൂര്‍ണ്ണമായും ഇടതു മുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്നും പടിക്കല്‍ അറിഞ്ഞത്. അതില്‍ പരിഭ്രാന്തനായതിനിടയിലാണ് കരുണാകരനും ചില നീക്കുപോക്കുകളെക്കുറിച്ചു ആലോചിക്കുന്നതറിഞ്ഞത്.

- Advertisement -

എന്തായിരുന്നു ആ നീക്കുപോക്കുകള്‍ ? ഒന്നു വിശദമാക്കാമോ ? ചോദ്യം ഗ്രന്ഥകര്‍ത്താവായ വെങ്ങാന്നൂര്‍ ബാലകൃഷ്ണന്‍റെതാണ്. അതിന് ജയറാം പടിക്കാലിന്‍റെ മറുപടി ഇങ്ങനെ:
‘1991 ലെ പൊതുതെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു ഡി എഫ് പരാജയപ്പെട്ടേക്കുമെന്ന് കരുണാകരന്‍ ഭയപ്പെട്ടു. അതില്‍ നിന്നും രക്ഷനേടാനായി കണ്ട എളുപ്പവഴിയാണ് ബി ജെ പിയുമായുള്ള തെരെഞ്ഞെടുപ്പ് ബാന്ധവം. എന്നാല്‍ പരസ്യമായ ഒരു ബന്ധം കൂടാന്‍ ഇരു പാര്‍ട്ടിയിലെ നേതാക്കൻമാരും ഒരുക്കമായിരുന്നില്ല. വടകര ബേപ്പൂര്‍ ഫോര്‍മുല’ എന്ന രഹസ്യപ്പേരില്‍ അറിയപ്പെട്ട നീക്കമനുസരിച്ച് വടകര പാര്‍ലമെന്‍റ് മണ്ഡലത്തിലും ബേപ്പൂര്‍, മഞ്ചേശ്വരം, തിരുവനന്തപുരം ഈസ്റ്റ് എന്നീ അസംബ്ലി മണ്ഡലങ്ങളിലും കോണ്‍ഗ്രസുകാര്‍, ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്യണമെന്നും മറ്റുള്ളിടങ്ങളില്‍ ബി ജെ പി ക്കാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്യണമെന്നും ധാരണയുണ്ടാക്കി.

ബി ജെ പി ഒരു നിയമസഭാ മെംബറെയെങ്കിലും ഉണ്ടാക്കിയെടുക്കാന്‍ അത് ഉപകരിക്കുമെന്ന് വിചാരിച്ചു. ഇതിന്‍റെ ആദ്യവട്ടം ചര്‍ച്ചകള്‍ നടക്കുന്നത് എന്‍റെ ( ഇവിടെ എന്‍റെ എന്നാല്‍ എന്‍റെയല്ല, ജയറാം പടിക്കലിന്‍റെ ) സാന്നിദ്ധ്യത്തിലായിരുന്നു. ഈ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ്, ബി ജെ പിയെ പിന്‍തുണക്കാന്‍ തീരുമാനിച്ച മണ്ഡലങ്ങളിലാകട്ടെ പരാജയ പ്രതീക്ഷയുള്ളവരെയാണ് തങ്ങളുടെ സ്ഥാനാര്‍ത്ഥികളായി അവതരിപ്പിച്ചിരുന്നത്.
ഇനി അതിന് താഴത്തെ ഒരു പാരഗ്രാഫ് കൂടി വായിക്കാം …

ബി ജെ പി യും കോണ്‍ഗ്രസുമായി കൂട്ടുകൂടിയാണെങ്കില്‍ക്കൂടി യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ തനിക്ക് ഡി ജി പി ആകാന്‍ കഴിയുമെന്ന് വിശ്വസിച്ചിരുന്നതു കൊണ്ടാണ് പടിക്കല്‍ ഈ അവിഹിത ബന്ധത്തിന് ഇടനിലക്കാരനായി പ്രവര്‍ത്തിക്കാന്‍ തയ്യാറായത്.

കുപ്രസിദ്ധമായ കോ ലീ ബി സഖ്യത്തിന് ഇടനിലയും കാര്‍മികത്വവും വഹിച്ചത് താന്‍ തന്നെയാണെന്ന് കെ കരുണാകരന്‍റെ ഏറ്റവും വിശ്വസ്തനായ പൊലീസ് മേധാവി ജയറാം പടിക്കല്‍ ആണ് വെളിപ്പെടുത്തിയത്. ജയറാം പടിക്കല്‍ ജീവിച്ചിരുന്ന ഘട്ടത്തിലൊന്നും ഈ ആരോപണം അവാസ്തമാണെന്ന് പറയാന്‍ ആരും തയ്യാറായിട്ടില്ല. ഇന്നും വിപണിയില്‍ ലഭ്യമായ ഈ പുസ്തകവും അതിലെ വെളിപ്പെടുത്തലും പച്ചയായ സത്യമായി മുന്നിലുളളപ്പോള്‍ ആണ് പ്രതിപക്ഷനേതാവ് അദ്ദേഹത്തിനും അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്കും അതിന്‍റെ പഴയ നേതാവിനും ചേരുന്ന തൊപ്പി എന്‍റെ തലയില്‍ ചാര്‍ത്താന്‍ നോക്കുന്നത്.

സര്‍ക്കാര്‍ ഇപ്പോള്‍ ഉയര്‍ന്നുവന്ന പ്രശ്നത്തെ ഗൗരവതരമായി തന്നെയാണ് കാണുന്നത്. അജിത് കുമാറിനെതിരെ ഉയര്‍ന്ന് വന്ന ആക്ഷേപങ്ങളെ പറ്റി അന്വേഷണം നടക്കുകയാണ്. അതിന്‍റെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് അതിന്‍മേല്‍ യുക്തമായി തീരുമാനം കൈകൊളളും.

- Advertisement -

എന്തായാലും ഒരുകാര്യം വ്യക്തമായി പറയാം: ഒരു തരത്തിലുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും ഒരു പൊലീസുദ്യോഗസ്ഥനെയും നിയോഗിക്കുന്ന പതിവ് ഞങ്ങള്‍ക്കില്ല. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ഏതെങ്കിലും രാഷ്ട്രീയ നേതാവിനെയോ സംഘടനാ നേതാവിനെയോ കണ്ടിട്ടുണ്ടെങ്കില്‍, അത് ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തെ ബാധിക്കുന്ന തരത്തിലുള്ള കൂടിക്കാഴ്ചയാണെങ്കില്‍ നിയമത്തിനും ചട്ടങ്ങള്‍ക്കും അനുസൃതമായ നടപടി ഉണ്ടാകും. അത് അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷം ഉണ്ടാകേണ്ട തീരുമാനമാണ്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment