മലയാളത്തിൻ്റെ ‘പൊന്നമ്മ’ യും പോയി

At Malayalam
2 Min Read

മലയാള സിനിമയുടെ സ്നേഹമയിയായ, കുലീനയായ അമ്മയും വിടവാങ്ങി. കവിയൂർ പൊന്നമ്മ എന്ന പേരിന് മലയാളിക്ക് ഒരു അർത്ഥമേ ഉള്ളു – സ്നേഹം മാത്രം ചൊരിയുന്ന സ്വന്തം അമ്മയുടെ രൂപമാണത്. തന്നേക്കാൾ പ്രായ കടുതൽ ഏറെയുള്ള സത്യനും നസീറിനും മധുവിനും പൊന്നമ്മ അമ്മയായിട്ടുണ്ട്. പിന്നീടങ്ങോട്ട് ഒട്ടുമിക്ക നായകൻമാരുടേയും അമ്മയായി പൊന്നമ്മ വന്നെങ്കിലും മോഹൻലാലിൻ്റെ അമ്മയാകുന്നത് കാണാൻ ഒരു പ്രത്യേക ചന്തമായിരുന്നു. യഥാർത്ഥ ജീവിതത്തിൽ അവർ അമ്മയും മകനുമാണെന്ന് വിശ്വസിക്കുന്നവർ ഇപ്പോഴും ധാരാളമുണ്ടത്രേ !

1945 സെപ്റ്റംബർ 10 ന് പത്തനംതിട്ട ജില്ലയിലെ കവിയൂർ എന്ന ഗ്രാമത്തിലാണ് പൊന്നമ്മയുടെ ജനനം. മനോഹരമായി പാട്ടുപാടിയിരുന്ന പൊന്നമ്മയെ രക്ഷിതാക്കൾ, പ്രശസ്ത സംഗീതജ്ഞൻ എൽ പി ആർ വർമ്മയുടെ കീഴിൽ സംഗീതം പഠിപ്പിച്ചു. പതിനാലാം വയസിൽ പ്രതിഭ ആർട്സ് എന്ന നാടക കമ്പനിയിൽ കലാകാരിയായി എത്തുന്നു പൊന്നമ്മ. അവിടെ ഗാനങ്ങൾ ആലപിക്കുന്നു, അഭിനയിക്കുന്നു. വൈകാതെ കവിയൂർ പൊന്നമ്മ എന്ന പേര് മലയാളി മനസിൽ ചിര പ്രതിഷ്ഠ നേടുന്നു.

പ്രശസ്ത നാടക കമ്പനികളിൽ മികച്ച അഭിനേത്രിയായി പൊന്നമ്മ തിരക്കേറിയ കലാകാരിയായി ഏറെ വൈകാതെ മാറി. പ്രശസ്തനായ നാടകാചാര്യൻ തോപ്പിൽ ഭാസിയാണ് പൊന്നമ്മയുടേയും ഗുരുസ്ഥാനത്തുള്ളത്. 1962 ൽ ശ്രീരാമ പട്ടാഭിഷേകം എന്ന ചിത്രത്തിലെ രാവണ സഹോദരിയായ മണ്ഡോദരിയുടെ വേഷത്തിൽ പൊന്നമ്മ എത്തി. രാവണനായി ചിത്രത്തിലെത്തിയത് സാക്ഷാൽ കൊട്ടാരക്കര ശ്രീധരൻ നായരും. രാക്ഷസ രാജാവായ രാവണൻ്റെ സുന്ദരിയായ അനുജത്തിയായി എത്തിയ കൊച്ചു പെൺകുട്ടിയെ മലയാള സിനിമാലോകം നിറഞ്ഞ മനസോടെ സ്വീകരിക്കുകയായിരുന്നു.

1965 ൽ തൊമ്മൻ്റെ മക്കൾ എന്ന ചിത്രത്തിൽ സത്യൻ, മധു എന്നിവരുടെ അമ്മയായി അഭിനയിക്കുമ്പോൾ പൊന്നമ്മക്ക് പ്രായം 20 വയസ്. 1965 ൽ സത്യൻ്റെ നായികയായി ഓടയിൽ നിന്ന് എന്ന ചിത്രമെത്തി. അതിലെ ‘അമ്പലകുളങ്ങരെ കുളിക്കാൻ ചെന്നപ്പോ ‘ എന്ന കവിയൂർ പൊന്നമ്മയുടെ ഗാനരംഗം ഏറെ ഹൃദ്യമായിരുന്നു. 1973 ൽ പെരിയാർ എന്ന ചിത്രത്തിൽ തിലകൻ്റെ മാതാവായും അഭിനയിച്ചു. പിൽക്കാലത്ത് ഭാര്യാ – ഭർത്താക്കൻമാരായി ഇരുവരും എത്രയെത്ര ചിത്രങ്ങളിൽ ഒന്നിച്ചു , മകനായി മോഹൻലാൽ കൂടി എത്തിയാൽ മലയാളിക്ക് അതൊരു ആഘോഷമാകും.

- Advertisement -

മിക്ക ചിത്രങ്ങളിലും അമ്മ വേഷത്തിൽ അരങ്ങു തകർത്ത കവിയൂർ പൊന്നമ്മ 1974 ൽ പുറത്തിറങ്ങിയ രാമു കാര്യാട്ടിൻ്റെ നെല്ല് എന്ന ചിത്രത്തിൽ ഏറെ വ്യത്യസ്തമായ ഒരു വേഷമാണ് അവതരിപ്പിച്ചത്. സാവിത്രി എന്നാണ് ആ കഥാപാത്രത്തിൻ്റെ പേര്.
മികച്ച സഹനടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്ക്കാരം നാലു തവണ കവിയൂർ പൊന്നമ്മക്ക് ലഭിച്ചു. 1971, 1972 , 1973, 1994 വർഷങ്ങളിലായിരുന്നു അത്. ചലച്ചിത്ര നിർമാതാവായ, അന്തരിച്ച മണി സ്വാമിയായിരുന്നു പൊന്നമ്മയുടെ ഭർത്താവ്. ഒട്ടും സുഖകരമായിരുന്നില്ല ആ ദാമ്പത്യ ജീവിതം. ഒരു മകളുണ്ട്, അമേരിക്കയിൽ കുടുംബ സമേതം താമസിക്കുന്ന ബിന്ദു. അന്തരിച്ച നടി കവിയൂർ രേണുകയാണ് സഹോദരി.

മലയാളത്തിൻ്റെ ദീപ്തമായ ‘അമ്മ ‘ മുഖം മറയുമ്പോൾ അനാഥമാകുന്നത് ഒരു പാട് ‘ മക്കൾ ‘ ആണ്. മോനേ….. എന്ന വാത്സല്യത്തിൻ്റെ നാദമാണ് ഇതോടെ നിലച്ചത്. അമ്മ സാന്നിധ്യം ഇല്ലാതായ എല്ലാ മക്കൾക്കും ഈ അമ്മയുടെ അഭാവം കനത്ത വേദനയാകും നൽകുക. മലയാളത്തിൻ്റെ ‘പൊന്നമ്മയ്ക്ക് ‘കണ്ണീർ പ്രണാമം.

Share This Article
Leave a comment