എൻ സി പി യുടെ മന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ 20 ന് മുംബൈയിൽ ഉന്നത തല ചർച്ച. മന്ത്രി എ കെ ശശീന്ദ്രൻ, മന്ത്രിപദം ആഗ്രഹിക്കുന്ന തോമസ് കെ തോമസ് എന്നിവരെ പാർട്ടിയുടെ ദേശീയ അധ്യക്ഷൻ ശരത് പവാർ മുംബൈക്ക് വിളിച്ചിരിക്കുകയാണ്. സംസ്ഥാന പ്രസിഡൻ്റായ പി സി ചാക്കോയും ഇവർക്കൊപ്പം ചർച്ചയിൽ പങ്കെടുക്കും എന്നാണ് നിലവിലെ വിവരം.
മന്ത്രിസ്ഥാനം പങ്കിടാമെന്ന ധാരണ തുടക്കത്തിലോ അതിനു ശേഷമോ പാർട്ടിയിൽ ഒരിക്കൽ പോലും ഉണ്ടായിട്ടില്ല. ഇനി പുതിയ നീക്കങ്ങളുടെ ഫലമായി മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നാൽ എം എൽ എ സ്ഥാനവും ഒഴിഞ്ഞേക്കാം എന്ന നിലപാടിലാണ് എ കെ ശശീന്ദ്രൻ. ഇക്കാര്യം നേതൃത്വത്തെ അദ്ദേഹം നേരത്തേ തന്നെ അറിയിച്ചിട്ടുമുണ്ട്.
എന്നാൽ നേരേ തിരിച്ചാണ് എൻ സി പി യിലെ അവശേഷിക്കുന്ന എം എൽ എ ആയ തോമസ് കെ തോമസ് പറയുന്നത്. രണ്ടരക്കൊല്ലം വീതം മന്ത്രിസ്ഥാനം പങ്കിടാമെന്ന ധാരണ തുടക്കത്തിൽ പാർട്ടിയിൽ തീരുമാനിച്ചിരുന്നു എന്നാണ് അദ്ദേഹത്തിൻ്റെ വാദം. പി സി ചാക്കോയുടെ പിന്തുണയും തോമസ് കെ തോമസിനുണ്ടന്നാണ് പാർട്ടിയോടടുത്ത നേതാക്കൾ പറയുന്നത്.
ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയോ എൽ ഡി എഫോ ഒരഭിപ്രായവും പറഞ്ഞിട്ടില്ല. എ കെ ശശീന്ദ്രൻ അദ്ദേഹത്തിൻ്റെ നിലപാടിൽ ഉറച്ചു നിന്നാൽ ഇക്കാര്യത്തിൽ മുഖ്യമന്ത്രി കർശന നിലപാടെടുക്കാനാണ് സാധ്യത.