ജി എസ് റ്റിയെ കുറിച്ചുള്ള ഒരു സാധാരണക്കാരൻ്റെ ന്യായമായ ചോദ്യത്തിനുള്ള കേന്ദ്രമന്ത്രി നിർമല സീതാരാമൻ്റെ മറുപടി ലജ്ജാകരമെന്ന് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ജനങ്ങൾ ഇതൊക്കെ കാണുന്നുണ്ടെന്നുള്ള വിവരം നിർമല ഓർത്താൽ നന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോയമ്പത്തൂരിലെ ശ്രീ അന്നപൂർണ്ണ ഹോട്ടൽ ശ്രുംഖലയുടെ ഉടമയായ ശ്രീനിവാസൻ ജി എസ് റ്റിയെ കുറിച്ച് കേന്ദ്ര ധനമന്ത്രി നിർമലാ സീതാ രാമനോട് ചില ചോദ്യങ്ങൾ നേരിട്ട് ചോദിച്ചിരുന്നു. ചോദ്യങ്ങൾക്കുള്ള ഉത്തരം നിർമല നൽകിയ രീതിയാണ് വിവാദത്തിലായത്. തികഞ്ഞ ധാർഷ്ട്യവും പുച്ഛവും നിറഞ്ഞതായിരുന്നു നിർമലയുടെ മറുപടി. ചോദ്യത്തിനോടുള്ള നിർമലയുടെ ശരീര ഭാഷയും അങ്ങേയറ്റം വിമർശിക്കപ്പെട്ടു. ചോദ്യത്തിനു കയ്യടിച്ചവരേയും നിർമല പുച്ഛത്തോടെ പരിഹസിക്കുന്നുണ്ടായിരുന്നു.
ബണ്ണിന് ജി എസ് റ്റി ഇല്ലെന്നും എന്നാൽ അതിനുള്ളിൽ കുറച്ച് ക്രീം വച്ചു പോയാൽ 18% ജി എസ് റ്റി ഈ ടാക്കുമെന്നും ശ്രീനിവാസൻ പറഞ്ഞത് ആ ഫോറത്തിൽ പങ്കെടുത്ത എല്ലാവരും ചിരിച്ചും കയ്യടിച്ചുമാണ് സ്വീകരിച്ചത്. അതിനൊരു ഏകീകൃത സ്വഭാവം വേണമെന്നും ശ്രീനിവാസൻ തുടർന്നു പറഞ്ഞു. ശ്രീനിവാസൻ്റെ സംഭാഷണം മുഴുവൻ കയ്യടിയോടെയാണ് ഒപ്പമുണ്ടായിരുന്നവർ കേട്ടിരുന്നത്. ഇതാകാം നിർമലയെ പ്രകോപിപ്പിച്ചത്.
സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശ്രീനിവാസൻ്റെ ചോദ്യങ്ങളും നിർമല ചോദ്യങ്ങൾ നേരിട്ട് മറുപടി നൽകിയ രീതിയും സജീവമായി ചർച്ച ചെയ്യപ്പെടുകയാണ്
