800 കോടിയിലധികം രൂപ ചെലവഴിച്ച് കൊട്ടിഘോഷിച്ച് നിർമിച്ച 16 വന്ദേ ഭാരത് തീവണ്ടികൾ ഓടിക്കാനാകാതെ ഒതുക്കിയിട്ടിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. ലാഭകരമായി ഓടിക്കാനാകുന്ന റൂട്ടുകൾ കണ്ടെത്താൻ കഴിയാത്തതും വന്ദേ ഭാരത് ഓടിക്കാൻ കഴിയുന്ന രീതിയിലുള്ള നവീകരിച്ച പാളങ്ങൾ രാജ്യത്ത് ഇല്ലാത്തതുകൊണ്ടുമാണ് വണ്ടികൾ വെറുതേ കിടക്കുന്നത്.
മണിക്കൂറിൽ 130 മുതൽ 160 കിലോമീറ്റർ വേഗത്തിലോടിക്കാവുന്നതും വന്ദേ ഭാരതിനു പറ്റുന്ന തരത്തിൽ സജ്ജീകരിച്ച സിഗ്നലുകളും ഇന്ത്യൻ റെയിൽവേയിൽ തുലോം കുറവാണന്നാണ് അധികൃതർ പറയുന്നത്. നേരത്തേ കരുതിയിരുന്നതു പോലെ ട്രാക്കുകൾ നവീകരിക്കാൻ ഇനിയും കഴിഞ്ഞിട്ടുമില്ല. നിലവിൽ വന്ദേ ഭാരത് ഓടുന്ന റൂട്ടിൽ ഇതിനായി മിക്കവണ്ടികളും അവിടെയുമിവിടെയും പിടിച്ചിടേണ്ടി വരുന്നതും വലിയ ബുദ്ധിമുട്ടുണ്ടാകുന്നതായി ബന്ധപ്പെട്ടവരും അതിലേറെ യാത്രക്കാരും അഭിപ്രായപ്പെടുന്നു.
500 ആളുകൾ യാത്ര ചെയ്യുന്ന വന്ദേ ഭാരതിനു പോകാൻ വേണ്ടി 5000 ആളുകൾ യാത്ര ചെയ്യുന്ന ട്രെയിനുകൾ പിടിച്ചിടുന്നത് വിരോധാഭാസമാണന്ന് റയിൽവേയിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ തന്നെ പറയുന്നു. ഒരു ഭാഗത്തേക്ക് എട്ടു മണിക്കൂർ മാത്രമാണ് വന്ദേ ഭാരതിന് യാത്ര ചെയ്യാനാവുക. അതിനാൽ എട്ടു മണിക്കൂറിനുള്ളിൽ തന്നെ യാത്ര അവസാനിപ്പിക്കാവുന്ന റൂട്ടുകൾ മാത്രമേ തെരഞ്ഞെടുക്കാനും കഴിയൂ. രാത്രി 12 മുതൽ പുലർച്ചെ അഞ്ചുവരെ വണ്ടി ഓടിക്കാറുമില്ല.
ഇത്തരത്തിൽ കോടികൾ ചെലവഴിച്ച് വന്ദേ ഭാരത് ഉണ്ടാക്കിയപ്പോൾ ട്രാക്കിനെപ്പറ്റി അറിയാമായിരുന്നില്ലേ എന്നാണ് യാത്രക്കാർ ചോദിക്കുന്നത്. ഒരു പക്ഷേ, തോട്ടി ആദ്യം, പിന്നെ ആനയെ വാങ്ങാം എന്നു റെയിൽവേ കരുതിയതാവാം. ഏതായാലും 800 കോടിയിലധികമാണ് വെറുതേ വെയിലു കൊണ്ട് നശിക്കുന്നത് എന്നത് ചെറിയ കാര്യമല്ലല്ലോ? പിന്നെ, എല്ലാം നവഭാരതം സൃഷ്ടിക്കാനാണല്ലോ എന്ന് ഓർക്കുമ്പോഴാണ് ഒരു സമാധാനം.