ഇന്ത്യയിലേക്ക് തിരിച്ചെത്താനുള്ള തീരുമാനം പ്രഖ്യാപിച്ച് അമേരിക്കൻ കാർ നിർമാതാക്കളായ ഫോർഡ്. തമിഴ്നാട്ടിലെ നിർമാണ പ്ലാന്റിന്റെ പ്രവർത്തനം പുനഃരാരംഭിക്കാൻ താത്പര്യം അറിയിച്ച് തമിഴ്നാട് സർക്കാറിന് കമ്പനി കത്തുനൽകി. അമേരിക്കൻ സന്ദർശനത്തിനിടെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ഫോർഡ് അധികൃതരുമായി ചർച്ച നടത്തിയിരുന്നു.
കമ്പനിയുടെ ആഗോള പ്രവർത്തനങ്ങൾക്കുള്ള നിർണായ വിപണിയായി ഇന്ത്യയെ കണക്കാക്കുന്നതായും ഫോർഡ് അറിയിച്ചിട്ടുണ്ട്. വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യാനുള്ള ഉത്പാദനം ലക്ഷ്യമിട്ട് ചെന്നൈയിലെ പ്ലാന്റ് പുനർസജ്ജീകരിക്കാനാണ് ആലോചിക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. പ്ലാന്റിന്റഎ കാര്യത്തിൽ പല സാധ്യതകൾ പരിഗണിച്ചിരുന്നുവെന്നും തമിഴ്നാട് സർക്കാർ തുടർന്നുവരുന്ന പിന്തുണയ്ക്ക് ഏറെ നന്ദിയുണ്ടെന്നും ഫോർഡ് ഇന്റർനാഷൺൽ മാർക്കറ്റ്സ് ഗ്രൂപ്പ് പ്രസിഡന്റ് കേ ഹാർട്ട് പറഞ്ഞിരുന്നു. നിലവിൽ ചെന്നൈയിൽ ഫോർഡിന്റെ ഗ്ലോബൽ ബിസിനസ് ഓപ്പറേഷനുകളുടെ ഭാഗമായി 12,000ത്തോളം പേർ ജോലി ചെയ്യുന്നുണ്ട്.