സി പി ഐ (എം) സംസ്ഥാന കമ്മിറ്റി പുറപ്പെടുവിക്കുന്ന അനുശോചന സന്ദേശം

At Malayalam
2 Min Read

സി പി ഐ (എം) ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരി വിടവാങ്ങിയിരിക്കുന്നുവെന്ന വർത്ത കേരളത്തിലെ പാർട്ടി പ്രവർത്തകർക്കാകെ അത്യന്തം വേദനാജനകമാണ്. കേരളത്തെ സ്നേഹിക്കുകയും ഇവിടുത്തെ പാർട്ടിയെയും സംഘടനയെയും രാഷ്ട്രീയവും സംഘടനാപരവുമായി ഏറെ സഹായിക്കുകയും ചെയ്ത ഉന്നതനായ കമ്യൂണിസ്റ്റ് നേതാവിനെയാണ് സഖാവിന്റെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്. കേരളത്തിലെ പാർട്ടിക്ക് ആശയപരവും സംഘടനാപരവുമായ കരുത്ത് നൽകിയ നേതാവ് കൂടിയാണ് നമ്മെ കടന്നുപോകുന്ന സഖാവ് സീതാറാം.

ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം അൽപസമയം മുമ്പാണ് നമ്മോട് വിടപറഞ്ഞത്. സി പി ഐ (എം ) ന്റെയും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും ഇടതുപക്ഷ പാർട്ടികളുടെയും രാജ്യത്തെ ഏറ്റവും പ്രധാന നേതാവായിരുന്നു സഖാവ് സീതാറാം. മികച്ച മാർക്സിസ്റ്റ് സൈദ്ധാന്തികൻ കൂടിയായ അദ്ദേഹം രാജ്യത്തും ലോകത്തായെയും ഉയർന്നുവരുന്ന പ്രശ്നങ്ങളിൽ ദിശാബോധത്തോടുകൂടിയ നിലപാടുകൾ സ്വീകരിച്ചു. സി പി ഐ എമ്മിന്റെ അഭിപ്രായങ്ങൾ വ്യക്തതയോടെ അവതരിപ്പിക്കാനും പാർട്ടിയുടെ ശബ്ദം രാജ്യത്തിന് മുന്നിൽ ഉയർത്തിപ്പിടിക്കാനും സീതാറാമിനായി.

1974 ൽ ഡൽഹി ജെ എൻ യു സർവകലാശാലയിൽ എത്തിയ അദ്ദേഹം വിദ്യാർഥിപ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്ക് ഉയർന്നു. അടിയന്തരാവസ്ഥാക്കാലത്ത് വിദ്യാർഥിപോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. എസ് എഫ് ഐയെ അഖിലേന്ത്യാ ശക്തിയാക്കുന്നതിൽ നിർണായകമായ പങ്കാണ് സീതാറാം വഹിച്ചത്.

1975ൽ സി പി ഐ എമ്മിന്റെ ഭാഗമായ അദ്ദേഹം പിന്നീട് പാർട്ടി ജനറൽ സെക്രട്ടറി വരെയായി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പാർട്ടിയുടെ രാഷ്ട്രീയാഭിപ്രായങ്ങളും നിലപാടുകളും രൂപപ്പെടുത്തുന്നതിൽ സഖാവ് സീതാറാമിന് തന്റേതായ പങ്കു വഹിക്കാനായിട്ടുണ്ട്. കമ്യൂണിസ്റ്റ് പുരോഗമന ശക്തികളുടെ വിവിധ അന്താരാഷ്ട്ര സമ്മേളനങ്ങളിൽ സി പി ഐ എമ്മിനെ പ്രതിനിധീകരിച്ചത് അദ്ദേഹമായിരുന്നു. സോഷ്യലിസ്റ്റ് രാജ്യങ്ങളുമായും സാമ്രാജ്യത്വ വിരുദ്ധ ശക്തികളുമായും അചഞ്ചലമായ ബന്ധമാണ് അദ്ദേഹം കാത്തുസൂക്ഷിച്ചത്. മികച്ച വാഗ്മിയും എഴുത്തുകാരനുമായ സീതാറാം തന്റെ കഴിവുകൾ പൂർണമായും പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി ഉപയോഗപ്പെടുത്തി.
മികച്ച സംഘടനാ പ്രവർത്തകൻ എന്നതിനൊപ്പം അതുല്യനായ പാർലമെന്റേറേറിയനുമായിരുന്നു സഖാവ് സീതാറാം. 2005 മുതൽ 2017 വരെയുള്ള രാജ്യസഭാകാലത്ത് അദ്ദേഹം ഇത് തെളിയിച്ചു. വർഗീയതയ്ക്കും അഴിമതിക്കുമെതിയായ പോരാട്ട വേദിയായി അദ്ദേഹം പാർലമെന്റിനെ ഉപയോഗപ്പെടുത്തി. മതേതരത്വവും സോഷ്യലിസവും ഭരണഘടനാ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പാർലമെന്റ് പ്രസംഗങ്ങളോരോന്നും.
വർഗീയ ശക്തികൾക്കെതിരായ കൂട്ടായ്മയുടെ നേതൃനിരയിലും സഖാവ് സീതാറാമുണ്ടായിരുന്നു. ഐക്യമുന്നണി, യു പി എ സർക്കാരുകളുടെ കാലത്ത് നിലപാടുകളും നയപരിപാടികളും രൂപപ്പെടുത്തുന്നതിൽ അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. ഏറ്റവുമൊടുവിൽ ബിജെപി വിരുദ്ധ ശക്തികളെ ഏകോപിപ്പിക്കുന്നതിലും അദ്ദേഹത്തിന്റെ നേതൃപാടവം രാജ്യം തിരിച്ചറിഞ്ഞു.
തഷ്ട്രീയ എതിരാളികളുടെ പോലും ആദരവ് നേടിയെടുക്കും വിധത്തിൽ ഉന്നതമായ പെരുമാറ്റവും സംസാര ശൈലിയുമായിരുന്നു അദ്ദേഹം എക്കാലവും സ്വീകരിച്ചത്. രാഷ്ട്രീയ മേഖലയ്ക്കകത്തും പുറത്തും വിശാലമായ സൗഹൃദമാണ് ദേശാതിർത്തികൾ കടന്ന് അദ്ദേഹം കാത്തുസൂക്ഷിച്ചത്.

- Advertisement -

സഖാവ് സീതാറാമിന്റെ വിയോഗം സിപിഐ എമ്മിനും ജനാധിപത്യ മതേതര വിശ്വാസികൾക്കും രാജ്യത്തിനാകെയും തീരാവേദനയും നഷ്ടവുമാണ്. അദ്ദേഹത്തിന്റെ വേർപാടിന് മുന്നിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. സഖാവ് സീതാറാമിനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് മൂന്നു ദിവസം ദുഃഖാചരിക്കും. സമ്മേളനങ്ങളടക്കം എല്ലാ പാർട്ടി പരിപാടികളും മാറ്റി വെക്കും. ശനിയാഴ്ച വൈകിട്ട് നാലിന് ശേഷം ലോക്കൽ അടിസ്ഥാനത്തിൽ അനുശോചന പരിപാടികൾ സംഘടിപ്പിക്കും. ദുഃഖസൂചകമായി ഒരാഴ്ച പാർടി പതാക താഴ്ത്തിക്കെട്ടും.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment