വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിക്ക് പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആരോപണം നേരിടുന്ന പൊലിസ് ഉദ്യോഗസ്ഥർ നിയമ നടപടികൾ തുടങ്ങി. ആരോപിതനായ താനൂർ ഡി വൈ എസ് പി വി വി ബെന്നി ഇതു സംബന്ധിച്ച പരാതി മലപുറം ജില്ലാ പൊലിസ് മേധാവിക്കു നൽകി. മുട്ടിൽ മരം മുറി കേസന്വേഷിച്ചത് താനാണെന്നും അതിൽ പ്രതികളായവരെ അറസ്റ്റു ചെയ്തതിലുള്ള പ്രതികാരമാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കാൻ കാരണമെന്നും ബെന്നി പരാതിയിൽ പറയുന്നു. അതേ പ്രതികൾക്ക് പങ്കാളിത്തമുള്ള സ്വകാര്യവാർത്താ ചാനലിൽ ആണ് അമിത പ്രാധാന്യത്തോടെ കെട്ടിച്ചമച്ച വാർത്ത നൽകിയതെന്നും പരാതിയിൽ പറയുന്നു.
സമാനമായ ആരോപണം നേരിടുന്ന എസ് പി സുജിത് ദാസ്, എസ് എച് ഒ വിനോദ് എന്നിവരും ഡി ജി പിക്ക് പരാതി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ ആക്ഷേപം ഉന്നയിച്ച സ്ത്രീ ഇതുവരേയും പരാതി ഒന്നും നൽകിയിട്ടില്ലെന്ന് പൊലിസ് അറിയിച്ചു. ഇത്തരം വ്യാജ പരാതികൾക്കെതിരെ പൊലിസ് അസോസിയേഷനും കോടതിയിൽ പോകുമെന്ന് വാർത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.