എസ് പി സുജിത് ദാസ് സസ്പെൻഷനിലായത് ഡി ജി പി ഷെയ്ഖ് ദേർവേഷ് സാഹിബ് നേരിട്ടു നടത്തിയ അന്വേഷണത്തിലെന്ന് വിവരം. സുജിത് ദാസ് മലപ്പുറം എസ് പി യായിരുന്ന സമയത്ത് ഇറക്കിയ ഉത്തരവുകൾ, നടപടികൾ, യാത്രകൾ തുടങ്ങിയവയുടെ മുഴുവൻ വിവരങ്ങളും ഡി ജി പി ശേഖരിച്ചു. അന്ന് അവിടെ സുജിതിൻ്റെ വിശ്വസ്തരായ പൊലിസിലെ മറ്റ് ഉദ്യോഗസ്ഥരെപ്പറ്റിയുള്ള വിവരങ്ങളും ശേഖരിച്ചു. അവരിൽ പലരും സുജിത് മാറി പുതിയ എസ് പി വന്നതിനു പിന്നാലെ സസ്പെൻഷനിലുമായി. മണ്ണ് – മണൽ മാഫിയകളുമായി അവിശുദ്ധ ബന്ധം ഉണ്ടന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവരൊക്കെ സസ്പെൻഷനിൽ പോയതുമെന്ന് ഡി ജി പി മനസിലാക്കി.
പത്തനംതിട്ടയിൽ സുജിത് ദാസ് എസ് പി ആയിരിക്കുമ്പോഴുള്ള നടപടികളും ഡി ജി പി വിശദമായി പരിശോധിച്ചു. ഇതിലും, നിർണായകമായ ചില സംഗതികൾ പൊലിസ് മേധാവിയുടെ ശ്രദ്ധയിൽപ്പെട്ടു. കൂടാതെ സുജിതിനെതിരെ അന്വേഷണം നടത്തിയ ഡി ഐ ജി യുടെ റിപ്പോർട്ടും പരിശോധിച്ചു. പി വി അൻവർ എം എൽ എ യോട് സുജിത് ദാസ് ഫോണിൽ സംസാരിച്ചതിൻ്റെ ശബ്ദരേഖ പുറത്തു വന്നത് സേനയ്ക്കാകെ മാനക്കേടുണ്ടാക്കിയതായി റിപ്പോർട്ടിൽ ഉണ്ടായിരുന്നു.
ഇതിൻ്റെയെല്ലാം അടിസ്ഥാനത്തിൽ ഡി ജി പി ഒരു റിപ്പോർട്ട് തയ്യാറാക്കി മുഖ്യമന്ത്രിക്ക് നൽകുകയായിരുന്നു. അതിനർത്ഥം അന്വേഷണം പ്രഹസനമല്ല എന്നതാവാം. കാര്യകാരണ സഹിതം മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് സുജിത് ദാസിനെ സസ്പെൻ്റ് ചെയ്തു കൊണ്ട് മുഖ്യമന്ത്രി ഉത്തരവിട്ടതെന്ന് സാരം. ഇത്തരത്തിലുള്ള നടപടികൾ വേഗത്തിൽ നടക്കുമെങ്കിൽ തെറ്റുകാരുടെ തലകൾ, അതെത്ര വലിയ തലകൾ ആണെങ്കിലും, തെറിക്കാൻ സാധ്യതയുണ്ടെന്നാണ് കാണേണ്ടത്. അൻവറിൻ്റെ ഏറിലെ അടുത്ത വിക്കറ്റ് തെറിക്കുന്നത് ആരുടേതന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളു.