സെപ്റ്റംബർ – 5
സലിൽ ചൗധരി
ദക്ഷിണാമൂർത്തി, ദേവരാജൻ, കെ രാഘവൻ, ബാബുരാജ് എന്നീ സംഗീത സംവിധായകരുടെ സുവർണ്ണകാലഘട്ടത്തിൽ മലയാള സിനിമാ സംഗീതലോകത്ത്, ഹിന്ദി ചലച്ചിത്രഗാന സംഗീതരംഗത്ത് നിന്നും വന്ന് വ്യത്യസ്തമായ സംഗീതം കൊണ്ട് മലയാള ചലച്ചിത്ര ഗാനരംഗം കീഴടക്കിയ ഇന്ത്യൻ സംഗീത വിസ്മയമായിരുന്നു സലിൽ ചൗധരി.
ഓണപ്പൂവേ പൂവേ പൂവേ…, മാനേ മാനേ വിളി കേൾപ്പൂ…., നീ വരൂ കാവ്യദേവതേ…., ശാരികേ എന്‍…., സൗരയൂഥത്തില്‍…., കാടു കുളിരണു…, കേളീ നളിനം വിടരുമോ…, ശ്യാമ മേഘമേ…., ശ്രീപദം വിടർന്ന…., മാനസ മൈനേ വരൂ….., കാടാറുമാസം നാടാറുമാസം…., കദളി കൺകദളി ചെങ്കദളി…, തുമ്പി തുമ്പി തുള്ളാൻ വായോ…, മനക്കലെ തത്തേ, പൂമാനം പൂത്തുലഞ്ഞേ…., കള കളം കായലോളങ്ങൾ….., മഴവിൽക്കൊടി കാവടി…., നീലപ്പൊന്മാനേ എന്റെ നീലപ്പൊന്മാനേ….., വൃശ്ചികപ്പെണ്ണേ….., പൂവിളി പൂവിളി പൊന്നോണമായി….., കാതിൽ തേൻ മഴയായ്…. തുടങ്ങി നിരവധി ഗാനങ്ങളിലൂടെ നാളിതുവരെ കേൾക്കാത്ത ഓർക്കസ്ട്രേഷനും വടക്കെ ഇന്ത്യൻ നാടോടി – ഹിന്ദുസ്ഥാനി പാരമ്പര്യവുമായി മലയാള ചലച്ചിത്ര സംഗീതരംഗത്തെത്തിയ സലിൽദാ എന്ന സലിൽ ചൗധരി. 1925 നവംബർ 19 ന് ബംഗാളിലെ സൊനാർപൂരിൽ ജനിച്ചു.
1949 ൽ ‘പരിബർത്തൻ’ എന്ന സത്യൻ ബോസ് ചിത്രത്തിന് സംഗീതം നൽകിയായിരുന്നു സിനിമയിൽ തുടക്കം. തുടർന്നങ്ങോട്ട് നിരവധി ബംഗാളി സിനിമകൾക്ക് സംഗീതം നൽകി. കവി, നാടകകൃത്ത്, കഥാകൃത്ത് എന്നീ നിലകളിലെല്ലാം തിളങ്ങി.1958 ൽ പുറത്തിറങ്ങിയ മധുമതി എന്ന ചിത്രം സലിൽ ചൗധരിയെ അതിവേഗത്തിൽ പ്രശസ്തനാക്കി. തുടർന്ന് എൺപതുകളിൽ വരെ ബോളിവുഡ് ലോകത്ത് സലിൽ ചൗധരി എന്ന പേര് നിറഞ്ഞു നിന്നു.
രാമു കാര്യാട്ടിന്റെ ചിത്രമായ ചെമ്മീനിന് സംഗീതം പകർന്നുകൊണ്ട് 1965 ലാണ് മലയാളസിനിമയിലേക്ക് സലിൽ ദാ കടന്നുവരുന്നത്. ചെമ്മീനിലെ എല്ലാ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ മലയാള ചലചിത്രമേഖലയിൽ അദ്ദേഹത്തിന് ചിരപ്രതിഷ്ഠയായി.
ഒ എൻ വിയ്ക്കായി 45, വയലാറിനോടൊപ്പം 35, ശ്രീകുമാരൻ തമ്പിയോടൊപ്പം 18 എന്നിങ്ങനെ മലയാളത്തിൽ 27 ചിത്രങ്ങൾക്കായി 106 ഗാനങ്ങൾക്ക് അദ്ദേഹം സംഗീതം നൽകി.
ഏഴു രാത്രികൾ, അഭയം, രാസലീല, സ്വപ്നം, രാഗം, നെല്ല്, നീലപ്പൊൻമാൻ, തോമാശ്ലീഹ, സമയമായില്ല പോലും, പ്രതീക്ഷ, അപരാധി, തുലാവർഷം, ഏതോ ഒരു സ്വപ്നം, ഈ ഗാനം മറക്കുമോ, മദനോത്സവം, വിഷുക്കണി, ചുവന്ന ചിറകുകൾ, ദേവദാസി, പുതിയ വെളിച്ചം, എയർ ഹോസ്റ്റസ്സ്, അന്തിവെയിലിലെ പൊന്ന്, എന്റെ കൊച്ചു തമ്പുരാൻ, തുമ്പോളി കടപ്പുറം ഉൾപ്പെടെ മലയാള ചിത്രങ്ങളിലായി നൂറിലധികം ഗാനങ്ങൾക്ക് സംഗീതം നൽകി. വാസ്തുഹാര, വെള്ളം എന്നീ ചിത്രങ്ങൾക്കു പശ്ചാത്തല സംഗീതവും നിർവഹിച്ചു. 1995 സെപ്റ്റംബർ 5ന് അദ്ദേഹം അന്തരിച്ചു.