വനംമന്ത്രി എ കെ ശശീന്ദ്രനും അദ്ദേഹത്തിൻ്റെ പാർട്ടിയായ എൻ സി പി യും രണ്ടു തട്ടിലായി. ശശീന്ദ്രൻ മന്ത്രി സ്ഥാനത്തു നിന്ന് ഒഴിയണമെന്നും പകരം തോമസ് കെ തോമസ് മന്ത്രിയാകട്ടെ എന്നുമാണ് എൻ സി പി കേരള ഘടകം തീരുമാനിച്ചിരിക്കുന്നത്. എല്ലാ കാലത്തും ഒരാൾ മാത്രം മന്ത്രിയായി ഇരുന്നാൽ എങ്ങനെ ശരിയാവും എന്നും നേതാക്കൾ ചോദിക്കുന്നു. എന്നാൽ താൻ മന്ത്രി സ്ഥാനത്തു നിന്നുമാറാം. കൂടാതെ എം എൽ എ സ്ഥാനവും രാജിവയ്ക്കാം എന്നതാണ് ശശീന്ദ്രൻ്റെ കടുത്ത നിലപാട്. ഈ നിലപാടിൽ തട്ടിയാണ് എൻ സി പിയിൽ ഇപ്പോൾ പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.
ഇതിനിടെ ശശീന്ദ്രനെ മാറ്റുന്ന വിഷയവുമായി ബന്ധപ്പെട്ട് എൻ സി പി നേതാവ് പി സി ചാക്കോ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
എന്നാൽ മുന്നണിയിലെ ഘടക കക്ഷി എന്ന നിലയിൽ ആരെ മന്ത്രിയാക്കണമെന്ന് നിങ്ങൾ തീരുമാനിക്കൂ എന്നും എൻ സി പി യുടെ ആഭ്യന്തര കാര്യമാണ് മന്ത്രി വിഷയം എന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. മന്ത്രി സ്ഥാനത്തു നിന്ന് ശശീന്ദ്രൻ മാറണമെന്നും അങ്ങനെയെങ്കിൽ എം എൽ എ സ്ഥാനമടക്കം ഒഴിയാമെന്ന ശശീന്ദ്രൻ്റെ നിലപാടും പാർട്ടിയിൽ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ശരത് പവാറിനെ പ്രശ്നത്തിൽ ഇടപെടിക്കാം എന്ന് ആലോചിച്ചപ്പോൾ അദ്ദേഹം മഹാരാഷ്ട്രാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകളിലുമാണ്. ശശീന്ദ്രന്റെ നിലപാടിന് എൽ ഡി എഫ് ഒരു കാരണവശാലും അംഗീകാരം നൽകാൻ സാധ്യതയില്ല. കേരളത്തിൽ മുന്നണിയും സർക്കാരും ചില പ്രതിസന്ധികളിൽ പെട്ടു നിൽക്കുന്ന സമയത്ത് ഏലത്തൂരിൽ ഒരു ഉപതെരഞ്ഞെടുപ്പ് എന്നത് അംഗീകരിക്കാൻ അവർക്ക് കഴിയില്ല. തോമസ് കെ തോമസ് ഇന്ന് തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിയെ കാണുമെന്നും കേൾക്കുന്നു.
