പൂരം അലങ്കോലമായതിനു പിന്നിൽ പ്രവർത്തിച്ചവർ ആരാണന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും ഇതു സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്തുവിടണമെന്നും സർക്കാരിനോടും മുഖ്യമന്ത്രിയോടും സി പി ഐ നേതാവും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ഇടതു മുന്നണി സ്ഥാനാർത്ഥിയുമായിരുന്ന വി എസ് സുനിൽ കുമാർ ആവശ്യപ്പെട്ടു. ഇതിൽ വിശ്വാസപരവും രാഷ്ട്രീയവുമായ വിഷയമുണ്ട്. പൂരം എങ്ങനെ അലങ്കോലപ്പെട്ടു?, സാഹചര്യം എന്താണ്?, ആരൊക്കെ ചേർന്നാണ് അതിൽ ഗൂഢാലോചന നടത്തിയത് എന്നതൊക്കെ ജനങ്ങൾ അറിയേണ്ടതുണ്ട്. പൂരം അലങ്കോലമായതിൻ്റെ ഇരയാണ് താനെന്നും സുനിൽ കുമാർ പറഞ്ഞു.
പൂരം നടത്തിപ്പിൽ പൊലിസിനു വീഴ്ചപറ്റിയെന്ന് ഞാൻ നേരത്തേ തന്നെ പറഞ്ഞിരുന്നു. അതിൽ എ ഡി ജി പി എം ആർ അജിത്കുമാറിന് നേരിട്ട് പങ്കുണ്ടോ എന്നെനിക്കറിയില്ല. ഇതു സംബന്ധിച്ച് പി വി അൻവർ എം എൽ എ പറഞ്ഞ അറിവേയുള്ളു. തൃശൂർ പൂരം അലങ്കോലപ്പെട്ടത് യാദൃശ്ചികമല്ല എന്നതാണ് വസ്തുത. ആർക്കും ഒരു പരാതിയുമില്ലാതെ രാവിലെ മുതൽ തുടങ്ങിയ പൂരം രാത്രിയോടെ എങ്ങനെയാണ് അലങ്കോലമായതന്ന് അന്വേഷിക്കേണ്ടതുണ്ട്. പൊലിസ് ചില നാടകീയ നിലപാടുകൾ ഇക്കാര്യത്തിൽ സ്വീകരിച്ചു. മേളം നിർത്തിവയ്പ്പിക്കുക, ലൈറ്റ് കെടുത്തുക, വെടിക്കെട്ട് നടത്താനാവില്ലെന്ന് പറയുക തുടങ്ങിയ പ്രശ്നങ്ങളാണ് അന്ന് പൊലിസിൻ്റെ ഭാഗത്തു നിന്നുണ്ടായത്.
അതോടൊപ്പം രാവിലെ മുതൽ നടന്ന പൂരത്തിൻ്റെ ഒരു ചടങ്ങിലും അതുവരെ പങ്കെടുക്കാതിരുന്ന ബി ജെ പി സ്ഥാനാർത്ഥി സുരേഷ് ഗോപി നാടകീയ രംഗങ്ങളോടെ അവിടെ പ്രത്യക്ഷപ്പെടുന്നു. ഇതെല്ലാം കൂടി ചേർത്തു വായിക്കുമ്പോൾ ഇതിനു പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നതിൽ സംശയമില്ല.
പൂരം അലങ്കോലമാക്കിയത് സർക്കാരും എൽ ഡി എഫുമാണെന്ന് ബി ജെ പി വ്യാപകമായ പ്രചാരണവും നടത്തി. ഇത് ഇടതു സ്ഥാനാർത്ഥിയെ നല്ല രീതിയിൽ ബാധിക്കുകയും ചെയ്തു. പൂരത്തിൻ്റെ പ്രധാന ചടങ്ങുകൾ അലങ്കോലമാക്കിയതിനു പിന്നിൽ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട ചില ആളുകളുമുണ്ട്. അതിനാൽ അടിയന്തരമായി റിപ്പോർട്ടു പുറത്തുവിടണമെന്ന് സുനിൽകുമാർ ആവശ്യപ്പെട്ടു