സംസ്ഥാനത്ത് കൺസ്യൂമർഫെഡ് ഓണച്ചന്തകൾ ഈ മാസം ഏഴിന് തുടങ്ങും. 1,500 ഓണച്ചന്തകൾ ഈ മാസം 14 വരെ പ്രവർത്തിക്കും. ത്രിവേണി സൂപ്പർ മാർക്കറ്റ്, ജില്ലാ മൊത്തവ്യാപാര സഹകരണ സ്റ്റോർ, പ്രാഥമിക കാർഷികവായ്പാ സഹകരണ സംഘം, എസ് സി, എസ് ടി സംഘം, ഫിഷർമെൻ സഹകരണ സംഘം എന്നിവ മുഖേനയാണ് ചന്തകൾ പ്രവർത്തിക്കുക.
റേഷൻ കാർഡുമായെത്തി പതിമൂന്നിന നിത്യോപയോഗസാധനങ്ങൾ പൊതുവിപണിവിലയെക്കാൾ 30 മുതൽ 50 ശതമാനംവരെ സബ്സിഡിയോടെ വാങ്ങാം. 10 മുതൽ 40 ശതമാനം വിലക്കുറവിൽ മറ്റു നിത്യോപയോഗസാധനങ്ങളും ലഭിക്കും. സംസ്ഥാനതല ഉദ്ഘാടനം ആറാം തീയതി 3.30 ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
സപ്ലൈകോ ഓണച്ചന്ത
അഞ്ചുമുതൽ
സപ്ലൈകോ ഓണച്ചന്ത വ്യാഴാഴ്ച ആരംഭിച്ച് 14 വരെ പ്രവർത്തിക്കും. വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് സംസ്ഥാന തല ഉദ്ഘാടനം കിഴക്കേക്കോട്ട ഇ കെ നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആറുമുതൽ 14 വരെ ജില്ലാതല ചന്തയും 10 മുതൽ 14 വരെ താലൂക്ക് / നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള ചന്തകളും നടക്കും. 13 ഇന സബ്സിഡി സാധനങ്ങൾക്ക് പുറമേ ശബരിയുൾപ്പെടയുള്ള മറ്റ് ഉൽപ്പന്നങ്ങൾ 50 ശതമാനംവരെ വിലക്കുറവിൽ ലഭിക്കും. പ്രമുഖ കമ്പനികളുടെ ഉൽപ്പന്നങ്ങൾക്ക് ആകർഷക ഓഫറുണ്ടാകും. പഴം, പച്ചക്കറി, മിൽമ, കുടുംബശ്രീ, എം എസ് എം ഇ, കൈത്തറി ഉൽപ്പന്നങ്ങളും ലഭ്യമാകും. ജൈവ പച്ചക്കറിക്ക് പ്രത്യേക സ്റ്റാൾ ഉണ്ടാകും.
255 രൂപയുടെ ഉൽപ്പന്നങ്ങൾ 189 രൂപയ്ക്ക്
സപ്ലൈകോ ഓണച്ചന്തയിൽ പ്രമുഖ ബ്രാൻഡുകളുടെ ഇരുന്നൂറിലേറെ നിത്യോപയോഗ സാധനങ്ങൾക്ക് വൻവിലക്കുറവ്. നെയ്യ്, തേൻ, കറി മസാലകൾ, മറ്റ് ബ്രാൻഡഡ് ഭക്ഷ്യഉൽപ്പന്നങ്ങൾ, പ്രധാന ബ്രാൻഡുകളുടെ ഡിറ്റർജെന്റുകൾ, ഫ്ളോർ ക്ലീനറുകൾ, ടോയ്ലറ്ററീസ് തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് 45 ശതമാനം വരെയാണ് ഇളവ്. 255 രൂപയുടെ ആറ് ഉൽപ്പന്നങ്ങൾ 189 രൂപയ്ക്ക് നൽകുന്ന ശബരി സിഗ്നേച്ചർ കിറ്റുമുണ്ട്. വിവിധ ബ്രാൻഡ് ഉൽപ്പന്നങ്ങൾക്ക് നിലവിൽ നൽകി വരുന്ന വിലക്കുറവിന് പുറമേ 10 ശതമാനംവരെ അധിക വിലക്കുറവ് നൽകുന്ന ഡീപ്പ് ഡിസ്കൗണ്ട് അവേഴ്സും ലഭ്യമാണ്. പകൽ രണ്ടു മുതൽ നാലുവരെയായിരിക്കുമിത്. കോമ്പോ ഓഫറുകളും ലഭ്യമാണ്. ഒന്നെടുത്താൽ ഒന്ന് സൗജന്യം എന്ന ഓഫറുമുണ്ട്.
ആയിരംതൊട്ട് കെ സ്റ്റോർ
സംസ്ഥാനത്തെ ആയിരാമത്തെ കെ- സ്റ്റോർ നാളെ ഭക്ഷ്യമന്ത്രി ജി ആർ അനിൽ അമ്പൂരിയിൽ ഉദ്ഘാടനംചെയ്യും. സംസ്ഥാനസർക്കാരിന്റെ നൂറുദിന പരിപാടിയിൽ കെ- സ്റ്റോറുകളുടെ എണ്ണം ആയിരമാക്കുമെന്നത് ഇതോടെ യാഥാർഥ്യമായി. കഴിഞ്ഞവർഷം മെയിലാണ് കെ- സ്റ്റോർ ആരംഭിച്ചത്. റേഷൻകടകളിലൂടെ ശബരി ഉൽപ്പന്നങ്ങൾ, മിൽമ ഉൽപ്പന്നങ്ങൾ, 10,000 രൂപ വരെയുള്ള ബാങ്കിങ് സേവനങ്ങൾ, ഛോട്ടുഗ്യാസ്, വ്യവസായ വകുപ്പിന്റെ എം എസ് എം ഇ ഉൽപ്പന്നങ്ങൾ എന്നിവ കെ- സ്റ്റോറിലൂടെ ലഭ്യമാക്കി വരികയാണ്. റേഷൻ വ്യാപാരികൾക്ക് അധിക വരുമാനമാർഗം എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്.
നീല,വെള്ള കാർഡ് ; 10.90 രൂപയ്ക്ക് 10 കിലോ അരി
ഓണക്കാലത്ത് നീല, വെള്ള കാർഡുടമകൾക്ക് റേഷൻകട വഴി 10 കിലോവീതം അരി വിതരണം ചെയ്യും. കിലോയ്ക്ക് 10.90 രൂപയാണ് വില. പൊതുവിപണിയിൽ 50 രൂപയ്ക്ക് മുകളിലുള്ള ചമ്പാവരിയാണ് നൽകുന്നതെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സപ്ലൈകോ ഔട്ട്ലറ്റ് വഴി 10 കിലോ ശബരി കെ റൈസ് ലഭിക്കും. ജയ കിലോയ്ക്ക് 29ഉം മട്ടയ്ക്കും കുറുവയ്ക്കും 30 വീതവും പച്ചരിക്ക് 26 രൂപയുമാണ് വില. 40–-45 രൂപയ്ക്ക് അരി വാങ്ങിയാണ് കുറഞ്ഞ വിലയ്ക്ക് നൽകുന്നത്. മഞ്ഞകാർഡുകാർക്ക് ഒരു കിലോ പഞ്ചസാരയുമുണ്ടാകും. സപ്ലൈകോയിൽ 13 ഇനം സബ്സിഡി സാധനം ഉറപ്പുവരുത്തി. അഞ്ച് സപ്ലൈകോ ഔട്ട്ലറ്റ് ഓണത്തിന് ആരംഭിക്കും.
സൗജന്യ ഓണക്കിറ്റ് വിതരണം റേഷൻ കടകളിലൂടെ ഒമ്പതിന് ആരംഭിക്കും.
മഞ്ഞകാർഡുകാർ, ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾ, വയനാട് ദുരന്തബാധിതപ്രദേശത്തെ താമസക്കാർ എന്നിവർക്കായി ആറുലക്ഷം കിറ്റാണ് നൽകുക – -മന്ത്രി പറഞ്ഞു.