ഹേമ കമ്മിറ്റി റിപ്പോർട്ടിലും തുടർന്നുള്ള വിവാദങ്ങളിലും അഭിപ്രായ പ്രകടനം നടത്തി മലയാളത്തിൻ്റെ മുതിർന്ന അഭിനേത്രികളായ ശാരദയും ഷീലയും. ശാരദയാകട്ടെ ഈ റിപ്പോർട്ടു തയ്യാറാക്കിയ ഹേമ കമ്മിറ്റിയിലെ അംഗം കൂടിയാണ്.
സിനിമയിൽ പണ്ടു കാലത്തും സ്ത്രീകൾക്കു നേരേ ഇത്തരം ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പലരും അത്മാഭിമാനവും മാനക്കേടും ഓർത്ത് അന്ന് പ്രതികരിച്ചിരുന്നില്ലെന്നുമാണ് ശാരദ പറഞ്ഞത്. എന്നാൽ ഇക്കാലത്ത് സ്ഥിതിയാകെ മാറി. ഉയർന്ന വിദ്യാഭ്യാസമുള്ള പെൺകുട്ടികൾ സിനിമയിൽ എത്തുന്നു. അവർ തുറന്നിടപഴകുന്നു, ഇത്തരം കാര്യങ്ങളിൽ ശക്തമായി പ്രതികരിക്കുകയും ചെയ്യുന്നു.
പക്ഷേ, ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് വെളിപ്പെടുത്തലുകൾ ചിലർ നടത്തിയത് വെറും ‘ഷോ’ മാത്രമാണെന്ന് ശാരദ തുടർന്നു പറഞ്ഞു. ഒരുപാടു പേർക്കെതിരെ ഇത്തരത്തിൽ പരാമർശമുള്ളപ്പോൾ ചിലരുടെ പേരു മാത്രം പറയുന്നതെന്തിനാണെന്നും ശാരദ ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പ്രാധാന്യമില്ലേ എന്ന ചോദ്യത്തിന് ‘ഹേമ മാഡം നല്ല വ്യക്തിയാണ് അവരോട് ചോദിക്കൂ ‘ എന്നും ശാരദ മറുപടി നൽകി. എന്തിനാണ് ഈ റിപ്പോർട്ടിന് ഇത്രയും പ്രാധാന്യം നൽകുന്നതെന്നും എല്ലാവരും കൂടി ഇതും പറഞ്ഞിരിക്കാതെ വയനാടിൻ്റെ കണ്ണീരൊപ്പാൻ ശ്രമിക്കണമെന്നും ശാരദ തുടർന്നു പറഞ്ഞു.
കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം എന്നാണ് ഷീലയുടെ നിലപാട്. പണ്ടും ഇത്തരം പ്രശ്നങ്ങൾ സിനിമാ മേഖലയിൽ ഉണ്ടായിരുന്നു. തനിക്ക് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ല. മറ്റു ചിലർ ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യുന്നത് ശ്രദ്ധയിൽ വന്നിട്ടുണ്ടന്നും ഷീല പറയുന്നു. ഡബ്യു സി സി ഈ മേഖലയിൽ ഒരുപാട് ഗുണങ്ങൾ ചെയ്യുന്നുണ്ടെന്നും തനിക്ക് അവരെ കുറിച്ച് നല്ല അഭിപ്രായമാണെന്നും ഷീല കൂട്ടിച്ചേർത്തു.