പത്തനംതിട്ട ജില്ലയിലെ കോന്നി കുമ്പഴ എസ്റ്റേറ്റിലെ വട്ടത്തറ ഡിവിഷനിൽ നിന്ന് ഇരുനൂറോളം ലിറ്റർ കോടയും വാറ്റു ചാരായവും എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തു. എസ്റ്റേറ്റിൻ്റെ മാനേജരായ മലയാലപ്പുഴ സ്വദേശി കെ എസ് സജി അറസ്റ്റിലായി.
ഓണം ലക്ഷ്യമാക്കിയാവാം വ്യാജ ചാരായ വാറ്റ് നടത്തിയതെന്ന് എക്സൈസ് സംശയിക്കുന്നു. പാചക വാതക സിലിണ്ടർ ഉൾപ്പടെ വാറ്റ് നടത്തുന്നതിനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. സജിയുടെ കൂട്ടു പ്രതികളെ ഉടൻ അറസ്റ്റു ചെയ്യുമെന്ന് പത്തനംതിട്ട എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.
