കണ്‍സ്യൂമര്‍ ഫെഡ് ഓണം വിപണി സെപ്റ്റംബര്‍ ഏഴുമുതല്‍ 14 വരെ

At Malayalam
4 Min Read

സഹകരണവകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ഫെഡ് മുഖേന ഓണം വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ ആറിന് തിരുവനന്തപുരത്ത് സഹകരണവകുപ്പ് മന്ത്രി വി എന്‍ വാസവന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

13 ഇനം നിത്യോപയോഗ സാധനങ്ങളായ ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയര്‍, കടല, തുവര പരിപ്പ്, വന്‍പയര്‍, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിവ സര്‍ക്കാര്‍ സബ്‌സിഡിയോടെ സപ്ലൈകോ നല്‍കുന്ന സബ്‌സിഡി നിരക്കില്‍ വില്‍പ്പന നടത്തി ഓണക്കാലത്ത് ഉണ്ടാകുന്ന വിലക്കയറ്റം നിയന്ത്രിക്കുന്നതിനുവേണ്ടി ശക്തമായ വിപണി ഇടപെടലാണ് സംസ്ഥാന സഹകരണ വകുപ്പ് കണ്‍സ്യൂമര്‍ഫെഡ് മുഖേന നടപ്പിലാക്കുന്നതെന്നു ചെയര്‍മാന്‍ പറഞ്ഞു.

കണ്‍സ്യൂമര്‍ഫെഡിന്റെ (ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍) ജില്ലാ മൊത്ത വ്യാപാര സഹകരണ സ്റ്റോറുകള്‍, പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍, പിന്നാക്ക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എസ്‌ സി, എസ് ടി സംഘങ്ങള്‍, ഫിഷര്‍മാന്‍ സഹകരണ സംഘങ്ങള്‍ എന്നിവ മുഖേന ആരംഭിക്കുന്ന 1,500 പ്രത്യേക കേന്ദ്രങ്ങളിലൂടെ സെപ്റ്റംബര്‍ 07 മുതല്‍ 14 വരെ ഓണം വിപണി പ്രവര്‍ത്തിക്കും.

ഈ ഓണക്കാലത്തു കണ്‍സ്യൂമര്‍ഫെഡ് 100 കോടി രൂപയുടെ സബ്‌സിഡി ഇനങ്ങളുടെ വില്‍പനയും 150 കോടി രൂപയുടെ നോണ്‍ സബ്‌സിഡി സാധനങ്ങളുടെ വില്‍പനയും ഉള്‍പ്പെടെ 250 കോടി രൂപയുടെ വില്‍പ്പനയാണ് വിഭാവനം ചെയുന്നത്. ഒരു ഉപഭോക്താവിന് ആവശ്യമുള്ള മുഴുവന്‍ സാധനങ്ങളും നല്‍കാന്‍ കഴിയുന്ന വിപണന കേന്ദ്രങ്ങളായി ഓണവിപണികളെ മാറ്റുന്നതിന് ആവശ്യമായ എല്ലാ സാധനങ്ങളും കണ്‍സ്യൂമര്‍ഫെഡ് ഗോഡൗണുകളില്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.

- Advertisement -

സംസ്ഥാന സര്‍ക്കാരിന്റെ സബ്‌സിഡിയോടെ നല്‍കുന്ന 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ റേഷന്‍കാര്‍ഡ് മുഖേന വില്‍പ്പന നടത്തുവാനാണു തീരുമാനിച്ചിട്ടുള്ളത്. പൊതു മാര്‍ക്കറ്റിനേക്കാള്‍ ഏകദേശം 30% മുതല്‍ 50% വരെ വിലക്കുറവില്‍ സര്‍ക്കാര്‍ സബ്‌സിഡിയോടു കൂടി വില്‍പന നടത്തുന്ന 13 ഇനങ്ങളോടൊപ്പം സര്‍ക്കാര്‍ സബ്‌സിഡി ഇല്ലാതെ പൊതുമാര്‍ക്കറ്റിനേക്കാള്‍ 10% മുതല്‍ 40% വരെ വിലക്കുറവോടുകൂടി മറ്റു നിത്യോപയോഗ സാധനങ്ങളും വില്‍പന നടത്താന്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ കണ്‍സ്യൂമര്‍ഫെഡ് ആരംഭിച്ചു കഴിഞ്ഞുവെന്ന് അദ്ദേഹം അറിയിച്ചു.

ഓണത്തിനു തൊട്ടുമുന്‍പുള്ള ഏഴുദിവസം നടത്തുന്ന മാര്‍ക്കറ്റ് ഇടപെടലിന്റെ ഭാഗമായി ഈ വര്‍ഷത്തെ ഓണം വിപണിയില്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ള വിലകയറ്റത്തെ ഒരു പരിധി വരെ പിടിച്ചു നിര്‍ത്തുവാന്‍ സാധിക്കും. സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള ഇത്തരം ഇടപെടലില്‍ കൂടി രണ്ടുതരത്തിലുള്ള ഗുണഫലങ്ങളാണ് ലക്ഷ്യമാക്കുന്നത്, ഒന്ന് ”സാമ്പത്തികവും” മറ്റൊന്ന് ”സാമൂഹികവും.” സര്‍ക്കാര്‍ സഹായത്തോടുകൂടി സഹകരണവകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യുമര്‍ഫെഡ് മുഖേന ആരംഭിക്കുന്ന ഓണവിപണന കേന്ദ്രങ്ങളില്‍ നിന്നും അരിയും മറ്റ് നിത്യോപയോഗ സാധനങ്ങളും വാങ്ങുന്നവര്‍ക്കു പ്രതൃക്ഷത്തില്‍ ഉണ്ടാകുന്ന സാമ്പത്തിക നേട്ടം ഏകദേശം 60 കോടി രൂപയാണ്. ഈ വിപണി ഇടപെടലിന്റെെ ഫലമായി കേരളത്തിലെ പൊതുവിപണിയില്‍ 10% മൂതല്‍ 50% വരെ വിലകുറയ്ക്കാന്‍ വ്യാപാരികള്‍ നിര്‍ബന്ധിതരാകുന്നതു വഴി ഏകദേശം 10 കോടി രൂപയുടെ പരോക്ഷമായ വിലക്കുറവും ഉണ്ടാകും. 15 ലക്ഷം കുടുംബങ്ങള്‍ക്കു സഹകരണ ഓണം വിപണിയിലൂടെ നേരിട്ട് പ്രയോജനം ലഭിക്കുമെന്നു എം ഡി എം സലിം പറഞ്ഞു.

സര്‍ക്കാര്‍ സബ്‌സിഡിയോടെ വില്‍പ്പന നടത്തുന്ന 13 ഇനം സാധനങ്ങള്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷൻ്റേതിനു സമാനമായ വിലയ്ക്കു തന്നെ വില്‍ക്കുന്നതിനാണ് അനുമതി ലഭിച്ചിട്ടുള്ളത്.

ഒരു കിലോയ്ക്ക് വ്യത്യസ്ത ഇനങ്ങളായ അരി ജയ 29/രൂപ, കുറുവ 30/രൂപ, കുത്തരി 30/രൂപ, പച്ചരി 26/രൂപ, പഞ്ചസാര 27/രൂപ, വെളിച്ചെണ്ണ 500ാപ 55/ രൂപ, ചെറുപയര്‍ 92/ രൂപ, വന്‍കടല 69/ രൂപ, ഉഴുന്ന് ബോള്‍ 95/ രൂപ, വന്‍പയര്‍ 75/ രൂപ, തുവരപരിപ്പ് 111/ രൂപ, മുളക് ഗുണ്ടൂര്‍ 500 ഗ്രാം 75/ രൂപ, മല്ലി (500 ഗ്രാം) 39/ രൂപ എന്നിവയും, മറ്റ് നോണ്‍ സബ്‌സിഡി സാധനങ്ങള്‍ 10% മുതല്‍ 40% വരെ പൊതുവിപണിയേക്കാള്‍ വിലകുറച്ച് ഗുണനിലവാരം ഉറപ്പാക്കി വില്‍പന നടത്തുന്നതോടൊപ്പം സേമിയ, പാലട, അരിയട, ചുവന്നുള്ളി, സവാള, ഉരുളക്കിഴങ്ങ്, കറിപ്പൊടികള്‍, അരിപ്പൊടികള്‍, തേയില എന്നിവയും ഓരോ പ്രദേശത്തേയും ആവശ്യകതക്ക് അനുസരിച്ചു പ്രത്യേകം വിലക്കുറവില്‍ ലഭ്യമാകും.

സഹകരണ ഓണവിപണികളിലുള്ള സാധനങ്ങളുടെ പര്‍ച്ചേസ് പൂര്‍ണ്ണമായും www.tenderwizard.com/CFED മുഖേന ഇ-ടെണ്ടര്‍ വഴിയാണ് നടത്തിയിട്ടുള്ളത്. കൂടാതെ അംഗീകൃത ഏജന്‍സിയായ CEPCI Laboratory and Research Institute,Kollam എന്ന സ്ഥാപനത്തെ കേരളത്തിന്റെ വിവിധ ഗോഡൌണുകളില്‍ ഇറങ്ങുന്ന സാധനങ്ങളുടെ സാമ്പിള്‍ ശേഖരിച്ചു ഗുണനിലവാര പരിശോധന നടത്തുന്നതിനു ചുമതലപ്പെടുത്തിയിട്ടുണ്ട്. ഗുണനിലവാര പരിശോധനയില്‍ അംഗീകാരം ലഭിക്കുന്നവ മാത്രമേ ഓണവിപണിയില്‍ വില്‍പ്പനയ്ക്കായി എത്തിക്കേണ്ടതുള്ളൂ എന്ന കര്‍ശന നിര്‍ദ്ദേശം ഗോഡൗണുകള്‍ക്ക് നല്‍കിയിട്ടുണ്ട്.

- Advertisement -

കേരളത്തിലെ സഹകരണ സ്ഥാപനങ്ങള്‍ നേരിട്ട് ഉത്പാദിപ്പിക്കുന്ന ഏകദേശം 10 കോടി രൂപയുടെ വെളിച്ചെണ്ണ അവയുടെ ഗുണനിലവാരം ഉറപ്പാക്കി ഓണ വിപണികളില്‍ എത്തിച്ചിട്ടുണ്ട്.

സഹകരണസംഘങ്ങള്‍ ഗോഡൗണില്‍ വന്ന് കാത്ത് നില്‍ക്കുന്നതിലൂടെ ഉണ്ടാകുന്ന പ്രയാസങ്ങള്‍ ഒഴിവാക്കുന്നതിനായി ഓണവിപണികള്‍ക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ടൈംടേബിള്‍ മുന്‍കൂട്ടി തയ്യാറാക്കി ഗോഡൗണുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനും അതിനനുസരിച്ച് വിതരണം നടത്തുന്നതിനുമുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എല്ലാ ജില്ലകളിലും സഹകരണ വകുപ്പിലെ ജോയിന്റ് രജിസ്ട്രാര്‍മാര്‍ മുഖേന സഹകാരികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്ന് ഓണവിപണി വിപുലമായി നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഓണവിപണിയുടെ സുതാര്യവും, അഴിമതിരഹിതവും, കാര്യക്ഷമവുമായ പ്രവര്‍ത്തനത്തിനും, വിതരണത്തിനും നല്‍കിയ മാര്‍ഗ രേഖകള്‍ പാലിക്കുന്നുണ്ട് എന്നുറപ്പു വരുത്താനാവശ്യമായ ഉദ്യോഗസ്ഥരെ സഹകരണവകുപ്പിന്റെ നേതൃത്വത്തില്‍ വിന്യസിച്ച് ഉത്തരവായിട്ടുണ്ടെന്ന് ചെയര്‍മാനും എംഡിയും അറിയിച്ചു. പത്രസമ്മേളനത്തില്‍ വൈസ്‌ചെയര്‍മാന്‍ അഡ്വ ഇസ്മയില്‍, പര്‍ച്ചേസ് മാനേജര്‍ ദിനേശ്‌ലാല്‍, ഭരണവിഭാഗം മാനേജര്‍ ശ്യാം എന്നിവരും പങ്കെടുത്തു.

- Advertisement -
Share This Article
Leave a comment