ടൂർ ഓപ്പറേറ്ററുടെ അശ്രദ്ധ: മുക്കാൽ ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

At Malayalam
2 Min Read

ട്രാവൽ ഇൻഷുറൻസ് അപേക്ഷയിൽ തീയതി തെറ്റായി രേഖപ്പെടുത്തിയതിനാൽ ഇൻഷുറൻസ് തുക നിഷേധിക്കപ്പെട്ട യാത്രക്കാരന് ടൂർ ഓപ്പറേറ്റർ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി.

ഇടപ്പള്ളി സ്വദേശി ചന്ദ്രമോഹൻ , എറണാകുളത്ത് പ്രവർത്തിക്കുന്ന ബെന്നി റോയൽ ടൂർസ് എന്ന സ്ഥാപനത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയുടെ ഉത്തരവ്.

2022 ജനുവരി 16 മുതൽ 26 വരെ യുള്ള തീയതികളിലാണ് 25 പേരുള്ള യാത്ര സംഘം ഈജിപ്ത്, ജോർദാൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് യാത്രതിരിച്ചത്. ടൂർ പാക്കേജിൽ ഇൻഷുറൻസ് കവറേജ് കൂടി ടൂർ ഓപ്പറേറ്റർ ഉൾപ്പെടുത്തിയിരുന്നു.

ഈജിപ്തിൽ നിന്ന് ജോർദാനിലേക്ക് മടങ്ങുന്ന യാത്ര സംഘത്തിന് കോവിഡ് പരിശോധനയുടെ ഭാഗമായി ആർ ടി പി സി ആർ ടെസ്റ്റ് നടത്തേണ്ടി വന്നു.

- Advertisement -

പരാതിക്കാരൻ ഉൾപ്പെടെ ഏഴു പേർക്ക് കോവിഡ് പോസിറ്റീവായി. ഇവരുടെ യാത്ര മാറ്റിവെച്ച് ജോർദാനിൽ ആരോഗ്യ വകുപ്പിന്റെയും പൊലീസിൻ്റെയും നിരീക്ഷണത്തിൽ ക്വാറൻ്റയിനിൽ കഴിയേണ്ടി വന്നു.

പരാതിക്കാരന്റെ ഭാര്യ ഉൾപ്പെടെയുള്ളവർ ഉള്ള സംഘം യാത്ര പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങി. ടെസ്റ്റ് നെഗറ്റീവ് ആകുന്നതുവരെ പരാതിക്കാരൻ ഉൾപ്പെടെയുള്ള യാത്രാ സംഘത്തിന് അവിടെ കഴിയേണ്ടി വന്നു. ജനുവരി 30 ന് ഇവർ വിമാനമാർഗ്ഗം കൊച്ചിയിലെത്തി. ഇങ്ങനെ എത്തിയവർക്ക് ടൂർ ഓപ്പറേറ്റർ 24 ,500/- രൂപ അധികമായി ഈടാക്കി. വിമാന യാത്രാക്കൂലി ,ഹോട്ടൽ താമസം, ട്രാൻസ്പോർട്ടേഷൻ എന്ന ഇനത്തിലാണ് ഈ തുക. ഇൻഷുറൻസ് തുക ഉൾപ്പെടെ ചോദിച്ചു കൊണ്ട് പരാതിക്കാരൻ കമ്പനിയെ സമീപിച്ചെങ്കിലും അപേക്ഷ നിരസിക്കുകയാണ് ഇൻഷുറൻസ് കമ്പനി ചെയ്തത്.

2022 ഫെബ്രുവരി 16 മുതൽ 27 ഫെബ്രുവരി വരെയാണ് ഇൻഷുറൻസ് കവറേജ് ഉണ്ടായിരുന്നത്. എന്നാൽ യാത്രയുടെ യഥാർത്ഥ തീയതി അതായിരുന്നില്ല. ടൂർ ഓപ്പറേറ്ററുടെ അശ്രദ്ധയാണ് അതിനു കാരണം എന്നാണ്പരാതിക്കാരന്റെ വാദം. ടൂർ ഓപ്പറേറ്ററിൽ നിന്ന് നഷ്ടപരിഹാരം ചോദിച്ചുകൊണ്ടാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. 70 വയസ്സുള്ള പരാതിക്കാരന് ഇൻഷുറൻസ് കവറേജ് കിട്ടാനുള്ള യോഗ്യത ഇല്ലെങ്കിലും ടൂർ ഓപ്പറേറ്ററുടെ ശ്രമ ഫലമായിട്ടാണ് ഇൻഷൂറൻസ് പോളിസി ലഭ്യമാക്കിയതെന്ന് എതിർ കക്ഷി ബോധിപ്പിച്ചു. പരാതിക്കാരൻ കോവിഡ് ബാധിതൻ ആയതുകൊണ്ടാണ് യാത്രാ സംഘത്തോടൊപ്പം വരാൻ കഴിയാതിരുന്നത്. അതുകൊണ്ട് പുതിയ വിമാന ടിക്കറ്റ് എടുക്കേണ്ടി വന്നു. അതാണ് അധിക തുക വാങ്ങാൻ കാരണം .

ഇൻഷുറൻസ് രേഖകളിലെ യാത്രാ തീയതിയിലുള്ള വൈരുദ്ധ്യമാണ് ഇൻഷുറൻസ് തുക നിരസിക്കാനുള്ള കാരണം. അതിനുത്തരവാദി എതിർകക്ഷിയല്ലെന്നും ഇൻഷുറൻസ് കമ്പനി മാത്രമാണെന്നും അവർ ബോധിപ്പിച്ചു.

70 വയസ്സിനു മേലുള്ള മുതിർന്ന പൗരന് ടൂർ ഓപ്പറേറ്ററുടെ അശ്രദ്ധ മൂലം വലിയ മന: ക്ലേശവും ധനനഷ്ടവും ശാരീരിക ബുദ്ധിമുട്ടും നേരിടേണ്ടിവന്നു. പരാതിക്കാരന് അവകാശപ്പെട്ട ഇൻഷൂറൻസ് തുക നിഷേധിക്കപ്പെട്ടതിനു കാരണം എതിർ കക്ഷിയുടെ ഭാഗത്തുള്ള സേവനത്തിനുള്ള അപര്യാപ്തതയാണ്. അതുകൊണ്ടുതന്നെ നഷ്ടപരിഹാരം ലഭിക്കാനുള്ള അവകാശം ഉപഭോക്താവിനുണ്ടെന്ന് ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ , ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബഞ്ച് വ്യക്തമാക്കി.

- Advertisement -

15,000 രൂപ നഷ്ടപരിഹാരം, 10,000 രൂപ കോടതി ചെലവ് ,അധികമായി പരാതിക്കാരന് ചെലവാക്കേണ്ടി വന്ന 49,500 രൂപ ഉൾപ്പെടെ 74,500 രൂപ 45 ദിവസത്തിനകം പരതിക്കാരന് നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി എതിർകക്ഷിക്ക് നിർദേശം നൽകി.

Share This Article
Leave a comment