ചൂരൽമല , മുണ്ടക്കൈ ദുരന്തത്തിൽ നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വയനാട് പ്രവർത്തിക്കുന്ന ഹയർ എഡുക്കേഷൻ സെല്ലിന്റെ നേതൃത്വത്തിൽ കൽപറ്റ ഗവ കോളജിൽ നടന്ന ചടങ്ങിലാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്.
വയനാട് ദുരന്തത്തിൽ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ട കാലിക്കറ്റ് സർവകലാശാല, ടെക്നിക്കൽ എഡ്യുക്കേഷൻ എന്നിവിടങ്ങളിൽ പഠിച്ച 30 വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണമാണ് നടന്നത്.
കാലിക്കറ്റ് സർവകലാശാലാ പരീക്ഷ കൺട്രോളർ ഡോ ഗോഡ്വിൻ സാമ്രാജ് അധ്യക്ഷത വഹിച്ച പരിപാടി ടെക്നിക്കൽ എഡുക്കേഷൻ ഡയറക്ടർ ഷാലിജ് പി ആർ ഉദ്ഘാടനം ചെയ്തു. ആരോഗ്യപരമായ കാരണങ്ങളാൽ ചടങ്ങിൽ എത്തിച്ചേരാൻ സാധിക്കാതിരുന്ന ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ: ആർ ബിന്ദു ഓൺലൈനായി പരിപാടിയിൽ സംസാരിച്ചു.
ദുരന്ത ബാധിത പ്രദേശത്തെ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനത്തിന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സഹായവും എല്ലാ പിന്തുണയുമുണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകി.
പുസ്തകം നഷ്ടപ്പെട്ട വിദ്യാർഥികൾക്കുള്ള പുസ്തകങ്ങൾ കാലിക്കറ്റ് സർവകലാശാല സെൻട്രൽ കോർപ്പറേറ്റീവ് സ്റ്റോർ സെക്രട്ടറി ബവേഷ് പി കെ വിതരണം ചെയ്തു. ടെക്നിക്കൽ എഡുക്കേഷൻ ജോയിൻറ് കൺട്രോളർ മുഹമ്മദ് അസിർ എ കെ, കോളജ് വിദ്യാഭ്യാസ വിഭാഗം കോഴിക്കോട് റീജിയണൽ ഡയറക്ടറേറ്റ് ജോയിൻറ് കൺട്രോളർ സുരേഷ് കുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷെറീന എന്നിവരും പങ്കെടുത്തു.