വയോജനങ്ങൾക്ക് ആദ്യമായി ആയുഷ് മെഗാ മെഡിക്കൽ ക്യാമ്പുകൾ

At Malayalam
1 Min Read

*സംസ്ഥാന ആയുഷ് വകുപ്പിന്റെ ആയുഷ് വയോജന സ്പെഷ്യൽ മെഡിക്കൽ ക്യാമ്പുകൾ

*ഒറ്റ മാസം കൊണ്ട് 2,400 ക്യാമ്പുകൾ ലക്ഷ്യം

വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം ലക്ഷ്യമിട്ട് സംസ്ഥാന ആയുഷ് വകുപ്പിന്റെ നേതൃത്വത്തിൽ 2,400 സ്പെഷ്യൽ വയോജന മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.

ആയുർവേദം, ഹോമിയോപ്പതി, യോഗ – നാച്ചുറോപ്പതി, സിദ്ധ, യുനാനി തുടങ്ങിയ എല്ലാ ആയുഷ് വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആയുഷ് ആശുപത്രികൾ, ഡിസ്പെൻസറികൾ, ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾ, ആയുഷ് പ്രൈമറി ഹെൽത്ത് സെന്ററുകൾ, ട്രൈബൽ ആയുഷ് ഡിസ്പെൻസറികൾ എന്നിവ മുഖേന പ്രദേശികാടിസ്ഥാനത്തിൽ വിവിധ സ്ഥലങ്ങളിലാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ മാസത്തിൽ സംഘടിപ്പിക്കുന്ന ഈ മെഡിക്കൽ ക്യാമ്പുകളുടെ സേവനം പരമാവധി വയോജനങ്ങളും ഉപയോഗപ്പെടുത്തേണ്ടതുണ്ട്

- Advertisement -

ആയുർദൈർഘ്യം കൂടുതലുള്ള സംസ്ഥാനമാണ് കേരളം. വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് സംസ്ഥാനം പ്രത്യേക പ്രാധാന്യമാണ് നൽകുന്നത്. അതിന്റെ ഭാഗമായാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. വയോജനങ്ങൾ പൊതുവേ അനുഭവിക്കുന്ന ശാരീരികാരോഗ്യ പ്രശ്നങ്ങളായ പേശികളുടെയും അസ്ഥികളുടെയും ബലക്ഷയം, ഉറക്കക്കുറവ്, മലബന്ധം, ജീവിതശൈലീ രോഗങ്ങൾ തുടങ്ങിയവയും അവരുടെ മാനസിക സാമൂഹികാരോഗ്യവും ആയുഷ് ചികിത്സാ സംവിധാനങ്ങളിലൂടെ മെച്ചപ്പെടുത്തുവാൻ ലക്ഷ്യമിട്ടാണ് ആയുഷ് വയോജന മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. കേന്ദ്ര ആയുഷ് റിസർച്ച് കൗൺസിൽ സ്ഥാപനങ്ങളുടെയും ആയുഷ് മെഡിക്കൽ കോളജുകളുടെയും ആയുഷ് പ്രൊഫഷണൽ സംഘടനകളുടെയും സഹകരണം ഈ ക്യാമ്പുകൾക്കുണ്ടാകും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേതൃപരമായ പങ്ക് വഹിക്കും. വിദഗ്ധ രോഗപരിശോധന, പ്രാഥമിക ലബോറട്ടറി സേവനങ്ങൾ, ബോധവത്കരണ ക്ലാസുകൾ, റഫറൽ സംവിധാനം, സൗജന്യ മരുന്ന് വിതരണം, യോഗാ ക്ലാസുകൾ എന്നിവ ക്യാമ്പുകളിൽ സംഘടിപ്പിക്കും. തുടർ ചികിത്സ ആവശ്യമായവർക്ക് അതും ഉറപ്പാക്കുന്നതാണ്.

Share This Article
Leave a comment