അമ്മ എന്ന സംഘടനയിൽ ഏറെ പ്രാധാന്യമുള്ള പദവിയാണ് ജനറൽ സെക്രട്ടറി സ്ഥാനം. സിദ്ദിഖ് രാജിവച്ചതോടെ നിലവിൽ അമ്മയ്ക്ക് ജനറൽ സെക്രട്ടറിയില്ലാതെയായി. ജോയിൻ സെക്രട്ടറിയായ ബാബുരാജിന് ജനറൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതല നൽകിയിരിയ്ക്കുകയാണ്. ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കാനായി അമ്മയുടെ എക്സിക്യൂട്ടിവ് നാളെ കൊച്ചിയിൽ യോഗം ചേരുന്നുണ്ട്. ചിത്രീകരണവുമായി ബന്ധപ്പെട്ട് ഊട്ടിയിലായിരുന്ന സിദ്ദിഖ് ഇന്നലെ കൊച്ചിയിലെത്തിയിട്ടുണ്ട്.
ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ഒരു നടി വന്നോട്ടെ എന്ന ചിന്തയും അമ്മയുടെ ഉയർന്ന തലത്തിൽ നടക്കുന്നുണ്ട്. പ്രസിഡൻ്റായ മോഹൻലാലും അതുപോലെ സീനിയറായ മമ്മൂട്ടിയും സമീപകാല സംഭവങ്ങളിൽ ഇതുവരേയും ഒന്നും മിണ്ടിയിട്ടുമില്ല. ഒരു നടി ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് വരുന്നത് നിലവിലെ സാഹചര്യത്തിൽ ഗുണകരമാകുമെന്ന ചിന്തയും പലർക്കുമുണ്ട്. പക്ഷേ, സീനിയർ ആയ സിദ്ദിഖിനെ പോലൊരാൾ ഇരുന്ന ഇടത്തേയ്ക്ക് അത് ഉചിതമാകുമോ എന്ന ചർച്ചയും നടക്കുന്നു.
സിദ്ദിഖിനെ പോലെ സീനിയറായ ജഗദീഷിൻ്റെ പേരും ഉയർന്നിട്ടുണ്ട്. പക്ഷേ നിലവിൽ ജഗദീഷ് അമ്മയുടെ വൈസ് പ്രസിഡൻ്റാണ്. സംഘടനയുടെ ബൈലോയിൽ ഭേദഗതി വരുത്തിയാൽ മാത്രമേ അതിനു സാധ്യതയുള്ളു. അമ്മയുടെ ബൈലോ അനുസരിച്ച് പതിനൊന്ന് അംഗങ്ങളുള്ള എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ നിന്ന് ഒരാളെ ജനറൽ സെക്രട്ടറിയാക്കാം. ടൊവിനോ തോമസ്, ഷാജോൺ, ടിനി ടോം, സുരേഷ് കൃഷ്ണ, വിനു മോഹൻ, ജോമോൾ, അനന്യ, അൻസിബ, സരയു, ജോയ് മാത്യു എന്നിവരാണ് എക്സിക്യൂട്ടിവിൽ ഉള്ളത്.
വനിത ജനറൽ സെക്രട്ടറി വന്നാൽ അമ്മയുടെ ചരിത്രത്തിൽ ആ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാകുമത്. ജനറൽ സെക്രട്ടറി എന്നത് ഏറെ ഉത്തരവാദിത്തങ്ങൾ നിർവഹിയ്ക്കാനുള്ള പദവിയാണ്. അതിനാൽ മുതിർന്ന, കാര്യശേഷിയുള്ള, വാഗ്സാമർത്ഥ്യമുള്ള ആളാകണം ആ സ്ഥാനത്തേക്ക് എത്തേണ്ടതെന്ന പൊതു ചിന്തയും ഉണ്ട്.
നേരത്തേ, ഔദോഗിക സ്ഥാനങ്ങളൊന്നും ഏറ്റെടുക്കാതെ മാറി നിന്ന പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ എന്നിവരിലൊരാൾ ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.