രഞ്ജിത്ത് ഇന്ന് ഒഴിഞ്ഞേക്കും

At Malayalam
2 Min Read

പ്രമുഖ സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വച്ചേക്കും. ഇന്നു രാവിലെ തന്നെ രാജി ഉണ്ടായേക്കുമെന്നാണ് വിശ്വസ്ത കേന്ദ്രങ്ങളിൽ നിന്ന് അറിയുന്നത്. രാജിവയ്ക്കേണ്ടതില്ല എന്ന രീതിയിൽ സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാൻ ആദ്യം പ്രതികരിച്ചിരുന്നെങ്കിലും ഇടതു മുന്നണിയുടേയും സർക്കാരിൻ്റേയും നിലപാടുകൾ പിന്നാലെ പുറത്തു വന്നത് രഞ്ജിത്തിന് അനുകൂലമായിരുന്നില്ല.

ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണങ്ങളാണ് രഞ്ജിത്തിന് വിനയായത്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളുമായി ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടു പുറത്തുവന്നതോടെയാണ് പ്രശസ്തരും അല്ലാത്തവരുമായ നടിമാർ മേഖലയിലെ പല ഉന്നതർക്കുമെതിരേ രംഗത്തു വന്നിരിയ്ക്കുന്നത്. പലേരിമാണിക്യം എന്ന രഞ്ജിത്ത് ചിത്രത്തിനു വേണ്ടി എത്തിയ ശ്രീലേഖയെ തൻ്റെ മുറിയിൽ വച്ച് രഞ്ജിത്ത് അപമാനിയ്ക്കാൻ ശ്രമിച്ചു വെന്നാണ് ശ്രീലേഖ ആരോപിച്ചത്. എന്നാൽ അത്തരത്തിലൊരു സംഭവം ഉണ്ടായിട്ടില്ലെന്നായിരുന്നു രഞ്ജിത്തിൻ്റെ ആദ്യ പ്രതികരണം. രഞ്ജിത്ത് ഇന്ത്യയിലെ അറിയപ്പെടുന്ന സംവിധായകനാണന്നും ഗൗരവമായി പരാതി കിട്ടാതെ വെറും ആരോപണത്തിൻ്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ പോലൊരാളെ ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനത്തു നിന്നു മാറ്റേണ്ട ആവശ്യമില്ലന്നുമായിരുന്നു സാംസ്കാരിക വകുപ്പുമന്ത്രിയും ആദ്യം പ്രതികരിച്ചത്.

ഇടതു മുന്നണിയിൽ തന്നെ ഇക്കാര്യത്തിൽ കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കുള്ളിൽ വ്യത്യസ്തങ്ങളായ നിലപാടുകൾ ഉണ്ടായതായാണ് വിവരം. ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന രഞ്ജിത്തിനെ അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് സി പി ഐ ആവശ്യപ്പെട്ടു. നേരത്തേ തന്നെ രഞ്ജിത്തുമായി അത്ര രസത്തിലല്ലാത്ത സി പി ഐ യുടെ പ്രതികരണം സ്വാഭാവികവും പെട്ടന്നുള്ളതുമായിരുന്നു. സി പി എം മായി ബന്ധമുള്ള സാംസ്കാരിക പ്രവർത്തകരിൽ പലരും രഞ്ജിത്തിൻ്റെ രാജിയാണ് നല്ലത് എന്ന് അഭിപ്രായപ്പെട്ടതായും വിവരമുണ്ട്. അതു കൂടി ആയതോടെയാണ് രഞ്ജിത്ത് ഒഴിയും അല്ലെങ്കിൽ ഒഴിയണം എന്ന നിലയിലേയ്ക്ക് കാര്യങ്ങൾ എത്തിപ്പെട്ടത്.

ഇന്നു ( ഞായർ ) രാവിലെ തന്നെ രാജി ഉണ്ടാകുമെന്നാണ് അറിയുന്നത്. ഇന്നലെ തന്നെ വാഹനത്തിൽ നിന്നും ഔദ്യോഗിക ബോർഡ് മാറ്റിയതായി വിവരമുണ്ട്. രഞ്‌ജിത്ത് രാജിവച്ചാൽ ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞ് വന്ന പുതിയ സാഹചര്യത്തിലെ ആദ്യ ഔദ്യോഗിക സ്ഥാനത്തു നിന്നുള്ള രാജിയാകും അത്.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment