‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടന്‍ സിദ്ദിഖ് രാജിവെച്ചു. മോഹൻ ലാലിന് സിദ്ദിഖ് രാജി കത്ത് നൽകി. യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണത്തെ തുടർന്നാണ് സിദ്ദിഖിന്‍റെ രാജി. രേവതി സമ്പത്ത് ഇന്നലെയാണ് സിദ്ദിഖിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത്. സിനിമ മോഹിച്ചെത്തിയ യുവനടിയെ ചെറുപ്രായത്തിൽ പീഡിപ്പിച്ചെന്ന രേവതി സമ്പത്തിന്‍റെ ആരോപണങ്ങളിൽ പൊലീസ് കേസെടുത്തേക്കുമെന്നാണ് സൂചന.
സെക്രട്ടറി സ്ഥാനം രാജിവെച്ചതിൽ പ്രതികരണവുമായി സിദ്ദിഖ്. ആരോപണം ഉയർന്ന സാഹചര്യത്തിൽ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് ധാർമികമായി ശരിയല്ലെന്ന് സിദ്ദിഖ് പ്രതികരിച്ചു.
‘എനിക്കെതിരെ ആരോപണം വന്നിരിക്കുന്ന സാഹചര്യത്തിൽ ഞാൻ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് ധാർമികമായി ശരിയല്ലെന്ന് ഉത്തമ ബോധമുണ്ട്. ഞാൻ സ്വമേധയാ പ്രസിഡൻ്റിനെ രാജി അറിയിക്കുകയായിരുന്നു. ആരോപണങ്ങളോട് പിന്നാലെ പ്രതികരിക്കും’, സിദ്ദിഖ് പറഞ്ഞു.
