അറുപതിലേറെ മലയാള ചിത്രങ്ങൾ സംവിധാനം ചെയ്ത ആക്ഷൻ സിനിമകളുടെ സംവിധായകൻ രാജ് ആന്റണി ഭാസ്കർ എന്ന എ ബി രാജ്. 1951 മുതൽ 1986 വരെ സിനിമാരംഗത്തു വളരെ സജീവമായിരുന്ന രാജ് തമിഴ്, സിംഹള ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
കണ്ണൂർ ഡീലക്സ്, ഡെയ്ഞ്ചർ ബിസ്കറ്റ്, എഴുതാത്ത കഥ, ലോട്ടറി ടിക്കറ്റ്, ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു, കഴുകൻ, ഇരുമ്പഴികൾ, സൂര്യവംശം, അഗ്നിശരം, അടിമച്ചങ്ങല, ഹണിമൂൺ, രഹസ്യരാത്രി, ഉല്ലാസയാത്ര, ടൂറിസ്റ്റ് ബംഗ്ലാവ്, ലൈറ്റ് ഹൗസ്, ആക്രോശം, താളം തെറ്റിയ താരാട്ട് ഉൾപ്പെടെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്നു.

ആലപ്പുഴ സ്വദേശി ഭാഗ്യനാഥ പിള്ളയുടെയും രാജമ്മയുടെയും മകനായി 1929 -ൽ മധുരയിൽ ജനനം. 11 വർഷം ശ്രീലങ്കയിലായിരുന്നു. ഡേവിഡ് ലീനിന്റെ പ്രശസ്ത മായ ‘ബ്രിജ് ഓൺ ദ് റിവർ ക്വായ്’ എന്ന സിനിമയിൽ സഹ സംവിധായകനായിരുന്നു. ‘കളിയല്ല കല്യാണം’ ആണ് സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രം. പ്രേംനസീർ നായകനായ ഹിറ്റ് ചിത്രങ്ങൾ തുടർന്നു സംവിധാനം ചെയ്തു. ചിരിക്കുടുക്കയുടെ തമിഴ് റീമേക്ക്, ശിവാജി ഗണേശനും ചന്ദ്രബാബുവും അഭിനയിച്ച തുള്ളിയോടും പുള്ളിമാനാണ് രാജിന്റെ തമിഴ് ചിത്രം.
ഹരിഹരൻ, ഐ.വി.ശശി, പി ചന്ദ്രകുമാർ, രാജശേഖരൻ തുടങ്ങിയവർ എ ബി രാജിന്റെ ശിഷ്യരാണ്. തമിഴ് ഡയറക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. തമിഴ് സിനിമയിലെ മുൻനിര നടിയായ ശരണ്യ പൊൻവണ്ണന്റെ പിതാവാണ്. തമിഴ് നടൻ പൊൻവണ്ണൻ മരുമകനാണ്. 2020 ആഗസ്റ്റ് 23 ന് അന്തരിച്ചു