വയനാടിനായി യേശുദാസ്, ഗാനം പുറത്തിറക്കി

At Malayalam
2 Min Read

‘‘കേരളമേ പോരൂ… വയനാടിനായി ലോകമേ ഒന്നിയ്‌ക്കാം’’ എന്ന സന്ദേശവുമായി മലയാളത്തിൻ്റെ ഗാന ഗന്ധർവൻ ഡോ കെ ജെ യേശുദാസ്‌ പാടിയ സാന്ത്വനഗീതം ഓഡിയോ മ്യൂസിക്‌ ആൽബമായി പുറത്തിറക്കി.

കേരള മീഡിയ അക്കാദമിയും സ്വരലയയും ചേർന്നാണ്‌ തയ്യാറാക്കിയത്‌. മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ മുൻ വിദ്യാഭ്യാസ – സാംസ്‌കാരിക വകുപ്പു മന്ത്രി എം എ ബേബി സിഡി ഏറ്റുവാങ്ങി.

‘‘ഒന്നായ്‌ നേരിടാം, കനലായ്‌ തുണയായ്‌ കേരളമേ പോരൂ’’ എന്നു തുടങ്ങുന്ന ഗാനം, വയനാടിന്റെ നൊമ്പരവും പുനർ നിർമാണത്തിന്റെ പ്രതീക്ഷയും ഉൾച്ചേർന്നതാണ്‌.

അസാധാരണവും അമ്പരപ്പിക്കുന്നതുമാണ്‌ യേശുദാസിന്റെ ആലാപനമെന്ന്‌ എം എ ബേബി പറഞ്ഞു.

- Advertisement -

‘‘സഹജാതരില്ലാത്തൊരു പുലർവേള
അതിരാകെ മായുന്ന പ്രളയാന്ധഗാഥ
വയനാടീ നാടിന്റെ മുറിവായി മാറി
കദനമായ്‌ കബനി കവിഞ്ഞു
ഒരു മാത്ര കൺതുറന്നപ്പോൾ
അതിവേഗമെല്ലാം പൊലിഞ്ഞു
ഒരു വാക്കിനാലും പകർത്താൻ
അരുതാത്ത നോവാണ്‌ നെഞ്ചിൽ’’

എന്നിങ്ങനെ വയനാടിന്റെ സങ്കടം ഉള്ളുപൊട്ടുംവിധം വരച്ചിട്ടിരിക്കുകയാണ്‌ കവി റഫീഖ്‌ അഹമ്മദ്‌.
നാനക്‌ മൽഹാർ, ചാരുകേശി എന്നീ രാഗങ്ങൾ ഉപയോഗിച്ചാണ്‌ ഈ ഗാനം സംഗീതസംവിധായകൻ രമേശ്‌ നാരായൺ ചിട്ടപ്പെടുത്തിയത്‌.

അമേരിക്കയിലെ സ്‌റ്റുഡിയോയിൽ യേശുദാസും തിരുവനന്തപുരത്ത്‌ തമലത്തുള്ള സ്‌റ്റുഡിയോയിലിരുന്ന്‌ രമേശ്‌ നാരായണനും പരസ്‌പ്പരം കണ്ടും കേട്ടും മൂന്നരമണിക്കൂർ ചെലവഴിച്ചാണ്‌ ഈ ഗാനം റെക്കോർഡ്‌ ചെയ്‌തത്‌.

ഈ പാട്ട്‌ കേട്ടുകഴിഞ്ഞപ്പോൾ യേശുദാസിന്റെ സംഗീതത്തിന്‌ പ്രായമില്ല എന്ന്‌ തനിക്കു മനസ്സിലായെന്ന്‌ രമേശ്‌ നാരായൺ പറഞ്ഞു. കേരളത്തിനോടുള്ള യേശുദാസിന്റെ അതിരില്ലാത്ത സ്‌നേഹമാണ്‌ ഈ പാട്ടിൽ ഉൾച്ചേർന്നിട്ടുള്ളത്‌.

ചലച്ചിത്ര സംവിധായകൻ ടി കെ രാജീവ്‌കുമാറാണ്‌ ആശയാവിഷ്‌ക്കാരം. ദൃശ്യാവിഷ്‌ക്കാരം നടത്തിയത്‌ ചലച്ചിത്രകാരൻ വി പുരുഷോത്തമനാണ്‌. കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ്‌ ബാബു ക്രിയേറ്റീവ്‌ ഹെഡ്‌ ആണ്‌.

- Advertisement -

ഈ ഗാനത്തിന്‌ കോറസ്‌ പാടിയത്‌ മധുവന്തി, മധുശ്രീ, ഖാലിദ്‌, സിജുകുമാർ എന്നിവരാണ്‌.മ്യൂസിക്‌ ആൽബത്തിന്റെ പ്രകാശനചടങ്ങിൽ സ്വരലയ ജനറൽസെക്രട്ടറി ഇ എം നജീബ്‌, ഇൻഫർമേഷൻ, പബ്ലിക്‌ റിലേഷൻസ്‌ വകുപ്പ് ഡയറക്ടർ ടി വി സുഭാഷ്‌ ഐ എ എസ്‌, രമേശ്‌ നാരായൺ, മധുശ്രീ, കെ എസ്‌ എഫ്‌ ഇ ചെയർമാൻ കെ വരദരാജൻ, മീഡിയ അക്കാദമി ചെയർമാൻ ആർ എസ്‌ ബാബു എന്നിവർ പങ്കെടുത്തു. ഈ ഗാനത്തിന്റെ വീഡിയോ ആൽബം ഈ ആഴ്‌ച റിലീസ്‌ ചെയ്യും

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment