സിനിമാ മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറത്തുവിടും.
വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തകർക്കാണ് റിപ്പോർട്ട് കൈമാറുക.
വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചവരോട് ഇന്ന് ഉച്ചയ്ക്ക് ഹാജരാകാൻ സാംസ്കാരിക വകുപ്പ് നിർദ്ദേശം നൽകി.
നടി രഞ്ജിനിയുടെ ഹർജി കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതിന് പിന്നാലെയാണ് സാംസ്കാരിക വകുപ്പ് റിപ്പോർട്ട് പുറത്തുവിടുമെന്ന് അറിയിപ്പ് കൈമാറിയത്.
ഇന്ന് റിപ്പോർട്ടിൻ്റെ 233 പേജുകൾ പുറത്തുവരും.
സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ല.
ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കും.
49ാംപേജിലെ 96ാം പാരഗ്രാഫ് പ്രസിദ്ധീകരിക്കില്ല.
81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങൾ ഒഴിവാക്കി.
165 മുതൽ 196 വരെയുള്ള പാരഗ്രാഫുകൾ വെളിപ്പെടുത്തില്ല.
അനുബന്ധവും പുറത്തുവിടില്ല.
അതിനിടെ നടി രഞ്ജിനിയുടെ ഹർജി ഇന്ന് തന്നെ സിംഗിൾ ബെഞ്ച് പരിഗണിക്കാൻ സാധ്യതയുണ്ട്.
ഇന്ന് മൂന്ന് മണിക്കക്കം നടപടികൾ പൂർത്തിയാക്കിയാൽ കേസ് പരിഗണിക്കാൻ നിർദേശം നൽകണമെന്നാണ് ഡിവിഷൻ ബെഞ്ച് അറിയിച്ചത്.
പിന്നാലെ രഞ്ജിനിയുടെ അഭിഭാഷകർ ഇതിനായി നടപടി തുടങ്ങി.