വയനാടിൻ്റെ പുനർ നിർമാണത്തിനായി സർക്കാർ ജീവനക്കാർക്കായി പ്രഖ്യാപിച്ച സാലറി ചാലഞ്ചിൻ്റെ ഉത്തരവിറങ്ങി. അഞ്ചു ദിവസത്തെ ശമ്പളമെങ്കിലും ചുരുങ്ങിയത് ഓരോ ഉദ്യോഗസ്ഥനും നൽകണം എന്നാണ് ഉത്തരവിൽ പറയുന്നത്. ഇതിനായി സമ്മതപത്രം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ജീവനക്കാരുടെ സാലറി ചാലഞ്ചിലൂടെ ലഭിയ്ക്കുന്ന തുക ഒരു പ്രത്യേക അക്കൗണ്ടിലേയ്ക്ക് മാറ്റാനാണ് സർക്കാർ ഉദ്ദേശിയ്ക്കുന്നത്. സമ്മതപത്രം നൽകുന്ന മുറയ്ക്ക് പണം ഈടാക്കി തുടങ്ങും. അടുത്ത മാസം ലഭിയ്ക്കുന്ന ശമ്പളം മുതൽ നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.
ശമ്പളത്തിൽ നിന്ന് നൽകാൻ ബുദ്ധമുട്ടുള്ളവർക്ക് തങ്ങളുടെ പി എഫിൽ നിന്നും തുക കൈമാറാനുള്ള സംവിധാനവുമുണ്ട്. നേരത്തേ സാലറി ചാലഞ്ചുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ സർവീസ് സംഘടനാ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. വയനാടിനെ പുനർ നിർമിയ്ക്കാൻ ആയിരം കോടി രൂപയെങ്കിലും വേണ്ടി വരുമെന്നും ജീവനക്കാരുടെ കൂടി സഹായം ഇതിനാവശ്യമാണന്നും അദ്ദേഹം പറഞ്ഞിരുന്നു. 10 ദിവസത്തെ ശമ്പളമെങ്കിലും ചുരുങ്ങിയത് നൽകണമെന്നും അന്ന് മുഖ്യമന്ത്രി ചർച്ചയിൽ ആവശ്യപ്പെട്ടു.
താല്പര്യമുള്ളവരിൽ നിന്ന് തുക ഗഡുക്കളായി നൽകാൻ അനുമതി നൽകണമെന്നും വിഹിതം നിർബന്ധമാക്കി ഉത്തരവിറക്കരുതെന്നും സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു. 10 ദിവസത്തെ ശമ്പളം ബുദ്ധിമുട്ടുണ്ടാക്കുമെന്നും അഞ്ചു ദിവസം മതി എന്നതും ഗഡുക്കളായി നൽകാമെന്നതും നേതാക്കൾ മുന്നോട്ട് വച്ച നിർദേശങ്ങളാണ്. ഇതു കൂടി പരിഗണിച്ചാണ് സർക്കാർ ഇപ്പോൾ ഉത്തരവിറക്കിയത്.