വീടു നിറയെ വന്യജീവികൾ, പൊലിസുകാരൻ്റെ വീട്ടിൽ റെയ്ഡ്

At Malayalam
1 Min Read

ചെന്നൈയിലെ മുൻ പൊലിസ് കോൺസ്റ്റബിളിൻ്റെ വാടക വീട് റെയ്ഡ് ചെയ്ത കസ്റ്റംസ് സംഘം ഒരു നിമിഷം പകച്ചു പോയി. വീടു നിറയെ നക്ഷത്ര ആമ, കുരങ്ങുകൾ, കടലാമകൾ, പരുന്തുകൾ – അങ്ങനെ 647 തരം വന്യജീവികൾ. വന്യജീവി കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഷനിൽ തുടരുന്ന രവികുമാർ എന്ന പൊലിസുകാരൻ്റെ വീടാണ് ഈ ‘മൃഗശാല’. ജീവികളിൽ പലതും ചത്തു പോയിരുന്നു.

തനിയ്ക്ക് അലങ്കാര മത്സ്യകൃഷിയിൽ താത്പര്യമുണ്ടന്നും അതിനായിട്ടാണ് വീട് ആവശ്യമെന്നുമാണ് വാടകയ്ക്ക് വീടെടുക്കുമ്പോൾ രവികുമാർ പറഞ്ഞിരുന്നത്. മിക്കപ്പോഴും പൂട്ടി കിടന്ന വീട്ടിൽ രവികുമാറും ഭാര്യയും ഒന്നു രണ്ട് ജോലിക്കാരും മാത്രമാണ് വന്നിരുന്നതെന്ന് അയൽ വാസികൾ പറയുന്നു. വീട്ടിൽ നിന്നും സ്ഥിരമായി നായകളുടെ കുര കേൾക്കാറുണ്ടായിരുന്നെന്നും പക്ഷേ, ഇത്രയേറെ ജീവികൾ ആ വീട്ടിൽ ഉണ്ടായിരുന്നതായി അറിയില്ലായിരുന്നെന്നും അയൽവാസികൾ പറഞ്ഞു.

തായ്ലൻഡ്, മലേഷ്യ മുതലായ രാജ്യങ്ങളിലേയ്ക്ക് ഓൺലൈനായി കച്ചവടം ഉറപ്പിച്ച് മൃഗങ്ങളെ കയറ്റി അയയ്ക്കുകയാണ് രവികുമാർ ചെയ്തിരുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. റെയ്ഡിൽ ജീവനോടെ പിടികൂടിയ മൃഗങ്ങളെ വണ്ടല്ലൂർ മൃഗശാലയിലേക്ക് മാറ്റിയതായി പൊലിസ് പറഞ്ഞു.

Share This Article
Leave a comment