ഓഗസ്റ്റ്- 15
ടി എ റസാഖ്
വിഷ്ണുലോകം, കാണാക്കിനാവ്, രാപ്പകൽ, പെരുമഴക്കാലം തുടങ്ങിയ ചലച്ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച പ്രശസ്ത എഴുത്തുകാരനും മലയാളത്തിലെ എണ്ണം പറഞ്ഞ തിരക്കഥാകൃത്തുക്കളിലൊരാളുമായ ടി എ റസാഖ്.
മോഹന്‍ലാലിനേയും മമ്മൂട്ടിയെയും മുരളിയേയുമൊക്കെ ജനകീയരാക്കാന്‍ അദ്ദേഹത്തിന്റെ തിരക്കുകൾക്കായിട്ടുണ്ട്. ജീവിതത്തോട് ഏറെ ചേര്‍ന്ന് നില്‍ക്കുന്ന ജീവിതഗന്ധിയായ മനുഷ്യരെ അദ്ദേഹത്തിന്റെ കഥകളില്‍ കാണാം.
നിളയുടെ വള്ളുവനാടന്‍ തീരത്ത് മാത്രമല്ല അങ്ങ് വടക്കൻ മലബാറില്‍ മനുഷ്യ ജീവിതങ്ങള്‍ തളിര്‍ക്കുന്നുണ്ടെന്നും അതില്‍ മതത്തിനും ജാതിക്കും അപ്പുറമുള്ള സ്നേഹബന്ധങ്ങള്‍ ഇഴ ചേരുന്നുണ്ടെന്നും സ്വന്തം കഥകളിലൂടെ എന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
1958 ഏപ്രിൽ 25 ന് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ തുറക്കലിൽ ടി എ ബാപ്പു – വാഴയിൽ ഖദീജ ദമ്പതികളുടെ മകനായാണ് റസാഖിന്റെ ജനനം. ഹൈസ്കൂൾ കാലത്തുതന്നെ നാടക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പിൽക്കാലത്ത് ‘വര’ എന്ന പേരിൽ ഒരു സമാന്തര പ്രസിദ്ധീകരണത്തിനും തുടക്കം കുറിച്ചു. KSRTC യിൽ ക്ലർക്കായും ജോലി ചെയ്തിരുന്നു.
1987 ൽ ധ്വനി എന്ന സിനിമയിൽ സംവിധായകൻ എ ടി അബുവിന്റെ സംവിധാന സഹായിയായാണ് റസാഖ് സിനിമയിലെത്തിയത്. പിന്നീട് തിരക്കഥാ രചനയിലേക്ക് വഴിമാറിയ അദ്ദേഹം സിബി മലയിൽ, കമൽ, ജയരാജ്, ജി എസ് വിജയൻ, വി എം വിനു തുടങ്ങിയവർക്കായി തിരക്കഥകൾ രചിച്ചു. കാണാക്കിനാവ്, പെരുമഴക്കാലം, ആയിരത്തിൽ ഒരുവൻ എന്നീ ചിത്രങ്ങളിലൂടെ ദേശീയ, സംസ്ഥാന അവാർഡുകളും ലഭിച്ചിട്ടുണ്ട്. 1997ൽ സിബി മലയിൽ സംവിധാനം ചെയ്ത കാണാക്കിനാവ് മികച്ച കഥയ്ക്കും തിരക്കഥയ്ക്കുമുള്ള സംസ്ഥാന പുരസ്കാരവും മികച്ച പ്രമേയത്തിനുള്ള ദേശീയ അവാർഡും നേടി.
റസാഖിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ആയിരത്തിൽ ഒരുവൻ 2002 ലും കമൽ സംവിധാനം ചെയ്ത പെരുമഴക്കാലം 2004 ലും മികച്ച കഥയ്ക്കുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കി. സാമൂഹിക പ്രസക്തമായ വിഷയത്തിനുള്ള ദേശീയപുരസ്കാരവും ഈ ചിത്രത്തെ തേടിയെത്തി. കൂടാതെ മാതൃഭൂമി അവാർഡ്, ഏഷ്യാനെറ്റ് അവാർഡ്, ജേസി ഫൗണ്ടേഷൻ അവാർഡ്, മികച്ച കഥയ്ക്കുള്ള ക്രിട്ടിക്സ് പുരസ്കാരം, എ ടി അബു ഫൗണ്ടേഷൻ അവാർഡ്, അമൃത ടിവി അവാർഡ് എന്നീ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
2016ൽ സലിം കുമാർ, ബാബു ആൻ്റണി, സുധീർ കരമന എന്നിവർ അഭിനയിച്ച മൂന്നാംനാൾ എന്ന സിനിമ സംവിധാനം ചെയ്തു.
2016 -ൽ പുറത്തിറങ്ങിയ സുഖമായിരിക്കട്ടെ എന്ന ചിത്രമാണ് അവസാനമായി തിരക്കഥ എഴുതിയ ചിത്രം. റജി പ്രഭാകർ എന്ന പുതുമുഖമാണ് ഈ ചിത്രം സംവിധാനം ചെയ്തത്. 2007ൽ പുറത്തിറങ്ങിയ ആകാശം എന്ന സിനിമയിലെ മാനത്ത് ചന്തിരനുണ്ടോ… എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികൾ റസാഖിന്റേതാണ്. വിഷ്ണുലോകം, നാടോടി, ഘോഷയാത്ര, ഗസൽ, കാണാക്കിനാവ്, താലോലം, ഉത്തമൻ, വാൽക്കണ്ണാടി, പെരുമഴക്കാലം, വേഷം, രാപ്പകൽ, ബസ്സ് കണ്ടക്ടർ, പരുന്ത്, മായാ ബസാർ, ആയിരത്തിൽ ഒരുവൻ, പെൺപട്ടണം, സൈഗാൾ പാടുകയാണ്, മൂന്നാം നാൾ ഞായറാഴ്ച തുടങ്ങിയവ റസാഖിന്റെ തൂലികയിൽ വിരിഞ്ഞ ചിത്രങ്ങളാണ്.
പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ, വൺവേ ടിക്കറ്റ് എന്നീ സിനിമകളിൽ അതിഥിതാരമായും അഭിനയിച്ചിട്ടുണ്ട്.
2016 ഓഗസ്റ്റ് 15 ന് അന്തരിച്ചു. അന്തരിച്ച തിരക്കഥാകൃത്ത് ടി എ ഷാഹിദ് അദ്ദേഹത്തിന്റെ അനുജനാണ്.
തിരക്കഥകൾ : വിഷ്ണുലോകം (1991), നാടോടി (1992), ഭൂമിഗീതം (1993), ഗസൽ (1993), കർമ്മ (1995), കാണാക്കിനാവ് (1996), ആയിരത്തിൽ ഒരുവൻ, താലോലം (1998), ചിത്രശലഭം (1998), സ്നേഹം (1998), സാഫല്യം (1999)
സംഭാഷണം : അനശ്വരം (1991), എന്റെ ശ്രീക്കുട്ടിക്ക്, (മാനസം) (1993), പ്രിൻസ് (1996)