കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം നാളെ (വെള്ളി) നടക്കും. ആകെ 160 ചിത്രങ്ങൾ മത്സരത്തിലുള്ളതിൽ 84 എണ്ണവും പുതുമുഖ സംവിധായകരുടേതാണ് എന്നത് ഇത്തവണ എടുത്തു പറയേണ്ടുന്ന പ്രത്യേകതയാണ്. സുധീർ മിശ്രയാണ് ജൂറിയുടെ അധ്യക്ഷൻ. തിയറ്ററിൽ ഇനിയും എത്തിയിട്ടില്ലാത്തതും നിരവധി രാജ്യാന്തര മേളകളിൽ ഇതിനോടകം മത്സരിച്ച ചിത്രങ്ങളുമടക്കം ജൂറിയുടെ പരിഗണനയിലുണ്ട്.
വിവിധ പുരസ്കാരങ്ങൾക്കായി രണ്ടിലേറെപ്പേർ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാൽ ജേതാക്കളെ കണ്ടെത്താൻ ജൂറിയ്ക്ക് ഏറെ പണിപ്പെടേണ്ടി വരുന്നതായാണ് റിപ്പോർട്ടുകൾ. അവസാന റൗണ്ടിൽ 40 ചിത്രങ്ങൾ എത്തിയതായാണ് ലഭിയ്ക്കുന്ന വിവരം. ആടുജീവിതം, 2018, കാതൽ, ഫാലിമി, ഉള്ളൊഴുക്ക് എന്നീ ജനപ്രിയ ചിത്രങ്ങളും അവസാന റൗണ്ടിൽ എത്തിയിട്ടുണ്ട്.
സംവിധായകനുള്ള പുരസ്കാരത്തിൽ അവസാന റൗണ്ടിൽ മൂന്നു പേരുകളുണ്ട്. ബ്ലെസി, ജിയോ ബേബി, ക്രിസ്റ്റോ ടോമി. സംഗീത സംവിധായകരായി എ ആർ റഹ്മാനും സുഷിൻ ശ്യാമും തമ്മിലും മാറ്റുരയ്ക്കുന്നു. മികച്ച നടിമാരായി ഒരേ ചിത്രത്തിലെ അഭിനയത്തിന് രണ്ടു പേർ മത്സരിയ്ക്കുന്നു എന്നതും പുതുമയാണ്. ഉള്ളൊഴുക്കിലെ പ്രകടനത്തിന് ഉർവശിയും പാർവതി തിരുവോത്തുമാണ് പരിഗണനിയിലുള്ളത്. അനശ്വര രാജൻ, കല്യാണി പ്രിയദർശൻ എന്നിവരും ഇവർക്കൊപ്പം തന്നെ പരിഗണനയിലാണ്.
ആടു ജീവിതം എന്ന ചിത്രത്തിനു വേണ്ടി വർഷങ്ങൾ തയ്യാറെടുപ്പു നടത്തി നജീബ് എന്ന ജീവിയ്ക്കുന്ന മനുഷ്യനായി പകർന്നാടിയ പൃഥ്വിരാജും കണ്ണൂർ സ്ക്വാഡ്, കാതൽ എന്നീ ചിത്രങ്ങൾക്ക് കരുത്തും ഓജസും പകർന്ന മലയാളത്തിൻ്റെ മഹാനടൻ മമ്മുട്ടിയും മുന്നിൽ നിൽക്കുമ്പോൾ ജൂറിയ്ക്ക് അതിൽ നിന്നൊരാളെ തെരഞ്ഞെടുക്കാൻ അല്പം വിയർപ്പൊഴുക്കേണ്ടി വരും.
കഴിഞ്ഞ വർഷത്തെ പുരസ്ക്കാര നിർണയം കുറച്ച് വിവാദങ്ങൾ സൃഷ്ടിച്ച സാഹചര്യത്തിൽ ഇത്തവണ സാംസ്കാരിക വകുപ്പും ജൂറിയും മികച്ച കരുതലോടെയാവും പുരസ്കാര നിർണയം നടത്തുക എന്ന് ഉറപ്പാണ്.