ഓഗസ്റ്റ് – 14
ഷമ്മി കപൂർ
1950- 60 കളിലെ ബോളിവുഡിലെ സൂപ്പര്‍ നായകനായിരുന്ന ഷംഷേർ രാജ് കപൂർ എന്ന ഷമ്മി കപൂര്‍. പ്രശസ്ത തീയേറ്റര്‍ ആര്‍ട്ടിസ്റ്റായിരുന്ന പൃഥ്വിരാജ് കപൂറിന്റെയും രാംഷർണി മെഹ്‌റ കപൂറിൻ്റെയും മകനായി 1931 ഒക്‌ടോബര്‍ 21 ന് മുംബൈയിലായിരുന്നു ജനനം. 1950 കളുടെ അവസാനം മുതല്‍ അറുപതുകള്‍ വരെ ഹിന്ദിസിനിമയിലെ മുന്‍നിര നായകന്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം.
അച്ഛനൊപ്പം കൊല്‍ക്കത്തയിലായിരുന്നു ബാല്യകാലം ചെലവഴിച്ചത്. പിതാവിന്റെ അഭിനയ പാരമ്പര്യം പിന്തുടര്‍ന്നാണ് ഷമ്മിയും വെള്ളിത്തിരയിലെത്തുന്നത്. 1953 – ൽ ശശികലയും ലീല മിശ്രയും അഭിനയിച്ച ജീവൻ ജ്യോതി എന്ന ചിത്രത്തിലൂടെയാണ് ഷമ്മി കപൂർ ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ദില്‍ തേരാ ദീവാന, തുംസേ നഹീ ദേഖാ, ചൈനാ ടൗണ്‍, ബ്രഹ്മചാരി തുടങ്ങി ഒരു ഡസനോളം ഹിറ്റ് ചിത്രങ്ങള്‍ ഷമ്മിയുടേതായി വന്നു.
ഗാനരംഗങ്ങളിലെ അഭിനയമികവായിരുന്നു ഷമ്മി കപൂറിനെ ജനപ്രിയനാക്കിയത്. അനശ്വരനായ മുഹമ്മദ് റഫിയുടെ ഒട്ടേറെ ഗാനങ്ങളില്‍ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടന്‍ കൂടിയായിരുന്നു ഷമ്മി കപൂര്‍.1968 ല്‍ ബ്രഹ്മചാരിയിലെ അഭിനയത്തിന് മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡും 1982 ല്‍ വിദാതയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡും ലഭിച്ചു. 1971 ല്‍ പുറത്തിറങ്ങിയ ആന്‍ന്താസ് ആണ് നായകനെന്ന നിലയില്‍ ഷമ്മി കപൂര്‍ തിളങ്ങിയ അവസാന ചിത്രം.

1994 ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത സുഖം സുഖകരം എന്ന സിനിമയിലൂടെ അദ്ദേഹം മലയാളത്തിലും അഭിനയിച്ചു. 2006 ല്‍ പുറത്തിറങ്ങിയ സാന്‍വിച്ച് ആണ് അദ്ദേഹം അഭിനയിച്ച അവസാന ചിത്രം.
2009ല്‍ ഇന്ത്യന്‍ ചലച്ചിത്രലോകത്തെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് കണക്ഷൻ ലഭ്യമായത് ഷമ്മി കപൂറിനാണ് എന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. നടന്മാരായ രാജ് കപൂർ, ശശി കപൂർ എന്നിവർ സഹോദരന്മാരാണ്.
2011 ഓഗസ്റ്റ് 14 ന് അദ്ദേഹം അന്തരിച്ചു.