വിദേശത്തു നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ തമിഴ്നാട് സ്വദേശിയായ യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയതായി കേസ്. സംഭവത്തിൽ പ്രധാന സാക്ഷിയായ ഓട്ടോ റിക്ഷാ ഡ്രൈവർ പൊലിസിൽ നിർണായകമായ മൊഴി നൽകിയതായാണ് വിവരം.
രാത്രി 12.30 ന് എയർ പോർട്ടിൽ വച്ച് യുവാവ് തൻ്റെ ഓട്ടോയിൽ കയറി തിരുനൽവേലിയിലേക്കുള്ള ബസ് കിട്ടുന്നിടത്ത് കൊണ്ടു വിടാൻ ആവശ്യപ്പെട്ടുവെന്ന് ഓട്ടോ ഡ്രൈവർ വിശാഖ് പറഞ്ഞു. പോകുന്ന വഴിയിൽ ശ്രീകണ്ഠേശ്വരത്ത് വച്ച് ഒരു കാറിൽ വന്ന സംഘം ഓട്ടോ തടഞ്ഞ് യാത്രക്കാരനെ ഇറക്കി മർദിയ്ക്കുകയായിരുന്നു. തുടർന്ന് അയാളെ കൂടി കാറിൽ വലിച്ചു കയറ്റി ഓടിച്ചു പോയതായും ഓട്ടോ ഡ്രൈവർ പറഞ്ഞു.
തമിഴ്നാട് സ്വദേശിയാണ് യുവാവെന്ന് ഓട്ടോ ഡ്രൈവർ പറഞ്ഞു. കാറു കേന്ദ്രീകരിച്ചാണ് പൊലിസ് അന്വേഷണം നടത്തുന്നത്. സമീപത്തുള്ള സി സി ടി വി ദൃശ്യങ്ങളും പൊലിസ് പരിശോധിയ്ക്കുന്നുണ്ട്. ഓട്ടോ ഡ്രൈവർ വിശാഖിൻ്റെ മൊഴി അനുസരിച്ചാണ് പൊലിസിൻ്റെ അന്വേഷണം ഇപ്പോൾ നടക്കുന്നത്.