തൃശൂർ മാളയിൽ വനിത ദന്ത ഡോക്ടർക്ക് തെരുവ് നായ ആക്രമണത്തിൽ പരിക്ക്. അഷ്ടമിച്ചിറ സ്വദേശി ഡോ പാർവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. ഇന്നലെ ഉച്ചയോടെ ക്ലിനിക്കിനു സമീപത്തുള്ള വീട്ടിലേയ്ക്ക് ഉച്ച ഭക്ഷണം കഴിയ്ക്കാനായി പോയപ്പോഴാണ് നായകളുടെ ആക്രമണം ഉണ്ടായത്.
തൊട്ടടുത്തുള്ള പെട്രോൾ പമ്പിനു പിറകുവശത്തെ വീട്ടിലേക്ക് റോഡിലൂടെ നടന്നു പോകവേയാണ് ഡോക്ടർക്കു നേരേ തെരുവു നായകളുടെ കൂട്ടം ചാടി വീണത്. കൂട്ടത്തോടെ നായകൾ വരുന്നതു കണ്ട ഡോക്ടർ പിന്നിലേക്ക് മാറാൻ ശ്രമിച്ചപ്പോൾ റോഡിൽ വീഴുകയായിരുന്നു. ഡോക്ടറുടെ കൈയ്ക്കും കാലിനും കടിയേറ്റു. വീഴ്ചയിൽ കൈയ്ക്ക് പൊട്ടലും സംഭവിച്ചിട്ടുണ്ട്. സമീപത്തുള്ള പെട്രോൾ പമ്പിലെ ജീവനക്കാരെത്തിയാണ് ഡോക്ടറെ രക്ഷിച്ചത്.