ഷിരൂരിൽ അർജ്‌ജുനായുള്ള തിരച്ചിൽ ഒരു ഇടവേളയ്ക്കു ശേഷം ഇന്ന് പുനരാരംഭിയ്ക്കും. രാവിലെ 9 ന് ഗംഗാവലി പുഴയിലാണ് തിരച്ചിൽ തുടങ്ങുക. പുഴയിലെ ശക്തിയേറിയ അടിയൊഴുക്കിന് ശമനം ഉണ്ടായതായാണ് ഇപ്പോൾ വിലയിരുത്തുന്നത്. ഇന്നലെ കാർവാറിൽ ജില്ലാ കളക്ടറും ജില്ലാ പൊലിസ് മേധാവിയും ഉൾപ്പെടെ പങ്കെടുത്ത ഉന്നത തല യോഗത്തിലാണ് തീരുമാനമുണ്ടായത്. നാവിക സേനാംഗങ്ങൾ രാവിലെ എത്തി പുഴയിലെ അടിയൊഴുക്ക് കൃത്യമായി പരിശോധിച്ച ശേഷമാകും അർജുനായുള്ള തിരച്ചിൽ തുടരുക.
ലോറി ഉണ്ടാകാൻ സാധ്യതയുള്ള പോയിൻ്റുകൾ നേരത്തേ മാർക്ക് ചെയ്തിട്ടുണ്ട്. അവിടം കേന്ദ്രീകരിച്ചാവും വീണ്ടും പരിശോധന തുടങ്ങുന്നത്. പുഴയിലുണ്ടായ ശക്തമായ അടിയൊഴുക്കിൽ ലോറിയുടെ സ്ഥാനം മാറാനുള്ള സാധ്യതയും തള്ളാനാകില്ല. പുതിയ തിരച്ചിലിൽ അതു കണ്ടെത്താനാകും എന്നാണ് പ്രതീക്ഷ.
തിരച്ചിൽ അനിശ്ചിതമായി മുടങ്ങിയതിൽ അർജ്ജുൻ്റെ കുടുംബം കടുത്ത പ്രതിഷേധം അറിയിച്ചു. ഇനിയും തിരച്ചിൽ മാറ്റി വയ്ക്കുകയോ വൈകിപ്പിയ്ക്കുകയോ ചെയ്താൽ അർജ്ജുൻ്റെ കുടുംബം ഒന്നാകെ കർണാടകയിലെ ഷിരൂരിൽ ചെന്ന് പ്രതിഷേധം നടത്തുമെന്നും അർജ്ജുൻ്റെ ഒരു ബന്ധു പറഞ്ഞു.
